Good News

അന്ധനെങ്കിലും നേടിയെടുത്ത കഴിവുകൾ; കായികതാരം, ഇൻസ്റ്റാഗ്രാമിൽ ഹീറോ, ആന്റണി മാസാണ്

അന്ധനായ ഒരു യുവാവ് തന്റെ ദൈനംദിന ജോലികൾ കൃത്യതയോടെയും മറ്റാരുടെയും സഹായമില്ലാതെ ചെയ്യുന്നു. ഒരുപക്ഷെ നിങ്ങൾക്കിത് വിശ്വസിക്കാൻ സാധിച്ചെന്ന് വരില്ല. അന്ധരായവർക്കും അനായാസമായി ദൈനദിന ജോലികൾ ചെയ്യാൻ സാധിക്കുമെന്നതിൽ ഒരു ഉത്തമ ഉദാഹരണമാണ് ആന്റണി ഫെരാരോ എന്ന യുവാവ്.

എന്നാൽ ആന്റണി ചെയ്യുന്നത് അസാധാരണമായ കാര്യങ്ങളാണ്. ദൈനംദിന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ആന്റണി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന വിഡിയോകളിൽ കാണാം. ജൂഡോയിൽ യുഎസ്എയെ പ്രതിനിധീകരിക്കുന്ന ഒരു പാരാലിമ്പിക് അത്ലറ്റാണ് ഇയാൾ . 2020 ടോക്കിയോ പാരാലിമ്പിക് ഗെയിംസിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി 2017 ജനുവരിയിൽ അദ്ദേഹം ജൂഡോ പരിശീലനം ആരംഭിച്ചിരുന്നു.

ആന്റണി സമൂഹ മാധ്യമത്തിലും ഒരു നേട്ടം കൈവരിച്ചു. കോണിപ്പടികൾ കയറാനും ഇറങ്ങാനും തന്റെ വെള്ള ചൂരൽ ഉപയോഗിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വീഡിയോയിൽ കാണിക്കുന്നു. ബ്രെയ്‌ലി ലിപി ഉപയോഗപ്പെടുത്തുന്നതും കാണിച്ച് തരുന്നു . ഇതിന് പുറമെ ആന്റണി ഒരു സ്കേറ്റ്ബോർഡർ, മോട്ടിവേഷണൽ സ്പീക്കർ, ഗിറ്റാറിസ്റ്റ് എന്നീ നിലയിലെല്ലാം മികവ് തെളിയിച്ച ആളാണ്. ന്യൂയോർക്കിലെ പ്രധാന റോഡുകളിലും പൊതുസ്ഥലങ്ങളിലും വളർത്തുനായക്കൊപ്പം ഒരു സാധാരണക്കാരനെപോലെ നടക്കാൻ പോകാറുമുണ്ട് അദ്ദേഹം. ആന്റണി തന്റെ ഭാര്യ കെല്ലിയുടെ സഹായത്തോടെയാണ് വിഡിയോ ഒരുക്കി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.