ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സര പരമ്പരയിലെ രണ്ടാം ജയവും കുറിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഈ മത്സരത്തില്‍ പുതിയ നായകന്‍ ഗില്‍ തന്റെ ടോസ് നഷ്ടമെന്ന ദൗര്‍ഭാഗ്യത്തെയും മറികടന്നു. തുടര്‍ച്ചയായി ആറു മത്സരത്തില്‍ ടോസ് നഷ്ടമായ ഗില്‍ ഏഴാം മത്സരത്തില്‍ ഇത് മറികടന്നു.
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ടോസ് നഷ്ടമായ ക്യാപ്റ്റന്റെ പട്ടികയില്‍ കയറാന്‍ നില്‍ക്കുമ്പോഴാണ് ഗില്ലിനെ തേടി ഭാഗ്യം വന്നത്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ 7 മത്സരങ്ങളില്‍ 7 ടോസ് തോറ്റതിന്റെ റെക്കോര്‍ഡ് മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബെവന്‍ കോങ്ഡണിന്റെ പേരിലാണ്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ ആറ് ടോസുകള്‍ തോറ്റ ശുഭ്മാന്‍ ഗില്ലും ടോം ലാതമും രണ്ടാമത്തെ സ്ഥാനത്താണ്.
ഗില്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ ടോസ് നേടിയതില്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറും സ്റ്റാര്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും സന്തോഷിച്ചു . ടോസ് നേടിയ ശുഭ്മാന്‍ ഗില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 2025 മെയ് 24 നായിരുന്നു ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി നിയോഗിതനായത്.
2025 ജൂണ്‍ 20 ന് ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇന്ത്യയെ നയിച്ച ആദ്യ ടെസ്റ്റില്‍ ടോസ് ജയിക്കാന്‍ ഗില്ലിന് കഴിഞ്ഞില്ല, വാസ്തവത്തില്‍, ഇംഗ്ലണ്ടില്‍ നടന്ന അഞ്ച് ടോസുകളില്‍ ഒന്നില്‍ പോലും അദ്ദേഹത്തിന് ജയിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയില്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് മത്സരം നടന്നത്, ആ മത്സരത്തിലും അദ്ദേഹം ടോസ് തോറ്റു.




