Featured Lifestyle

മൂന്ന് പ്രസവത്തിലായി ആറ് കുട്ടികളെ ലഭിച്ച ഒരമ്മ, നൂറു ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം, ഇത് അപൂര്‍വ ഭാഗ്യം!

ലോകത്ത് പ്രതിവര്‍ഷം 130- 140 ദശലക്ഷത്തിനിടയിൽ കുഞ്ഞുങ്ങള്‍ ജനിക്കുന്നുവെന്നാണ് ലഭ്യമായ കണക്കുകള്‍. എന്നാല്‍ അപൂര്‍വ്വം ചില ദമ്പതികള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം തങ്ങളെ തേടിയെത്തിയതിന്റെ അളവറ്റ സന്തോഷത്തിലാണ് ഓസ്‌ട്രേലിയയിലെ മുപ്പതുകാരിയായ ക്ലോഡിയ എന്ന യുവതി.

ഇവര്‍ 5 വയസ്സില്‍ താഴെ പ്രായമുള്ള 6 പെണ്‍കുട്ടികളുടെ അമ്മയാണ്, അതും മൂന്ന് പ്രസവത്തിലായി. ആദ്യത്തേതില്‍ ഒരു കുഞ്ഞ് , രണ്ടാമത്തേതില്‍ രണ്ട് , മൂന്നാമത്തേതില്‍ മൂന്ന് എന്ന ക്രമത്തിലാണ് ഇവര്‍ക്ക് കുഞ്ഞുങ്ങളെ ലഭിച്ചത്.

ആഡമിനും ക്ലോഡിയയും വിവാഹം ചെയ്തത് 2016ലായിരുന്നു. 4 കുഞ്ഞുങ്ങള്‍ വേണമെന്നതായിരുന്നു ഇവരുടെ ആഗ്രഹം. 2019ല്‍ ആദ്യത്തെ കുഞ്ഞായ അലിസിയയ്ക്ക് ജന്മം നല്‍കി. ഇനിയും മൂന്ന് കുഞ്ഞുങ്ങള്‍ കൂടി വേണമെന്ന് അവര്‍ തീരുമാനിച്ചു.അലസിയ ജനിച്ച് ഒരു വര്‍ഷത്തിന് ശേഷം ക്ലോഡിയ വീണ്ടും ഗര്‍ഭിണിയായി. എന്നാല്‍ പത്താം ആഴ്ചയിലെ പരിശോധനയില്‍ ഇരട്ട കുഞ്ഞുങ്ങളാണെന്ന് അവര്‍ മനസ്സിലാക്കി. ഡയബറ്റിസ് ബാധിച്ചതിനാല്‍ 28 ാം ആഴ്ചയില്‍ തന്നെ പ്രസവം നടന്നു. എമ്മി, എവി എന്ന് ഈ ഇരട്ട കുട്ടികള്‍ക്ക് പേര് നല്‍കി.

കുഞ്ഞുങ്ങളെ നോക്കാനായി ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ആഗ്രഹിച്ചത് പോലെ നാലാമത് ഒരു കുഞ്ഞുകൂടി വേണമെന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെ ക്ലോഡിയ വീണ്ടും ഗര്‍ഭിണിയായി. എന്നാല്‍ ആദ്യത്തെ സ്‌കാനിങ്ങില്‍ കണ്ടെത്തിയത് തനിക്ക് മൂന്ന് കുഞ്ഞുങ്ങള്‍ ജനിക്കാനായി പോകുന്നുവെന്നായിരുന്നു. ഇത് കണ്ട് ക്ലോഡിയ ഞെട്ടി. ഭര്‍ത്താവിനെ പറഞ്ഞ് മനസ്സാലാക്കാനാണ് കൂടുതല്‍ ബുദ്ധിമുട്ടിയതെന്ന് ക്ലോഡിയ പറയുന്നു. 2024 ജൂലൈയിലാണ് മൂന്ന് കുഞ്ഞുങ്ങളെയും സിസേറിയനിലൂടെ പുറത്തെടുത്തത്.നോറ, വലേറ്റ, സാറ എന്നിങ്ങനെ അവര്‍ക്ക് പേരിട്ടു.

കുഞ്ഞുങ്ങളുടെ കാര്യം കൃത്യമായി നോക്കി നടത്താനായി കുടുംബ ബജറ്റില്‍ ഏറെ ശ്രദ്ധ നല്‍കേണ്ടതായി വന്നുവെന്നും ക്ലോഡിയ പറയുന്നു. യാത്രകള്‍ക്കോ ആഘോഷങ്ങള്‍ക്കോ നീക്കി വെക്കാനായി പണം തികയുന്നില്ല. മൂത്ത കുട്ടികളുടെ വസ്ത്രങ്ങള്‍ ഇളയ കുട്ടികള്‍ക്ക് കൈമാറി നല്‍കുന്നു. മൂത്ത കുട്ടിയായ അലിസിയ ഒട്ടിസം ബാധിതയാണ്. അനിയത്തിമാരുമൊത്തുള്ള നിമിഷങ്ങള്‍ അവളുടെ ജീവിതത്തില്‍ പോസിറ്റിവിറ്റി നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ക്ലോഡിയ പറയുന്നു.

ഇനി ഒരു വട്ടം കൂടി ഗര്‍ഭം ധരിക്കുമോയെന്ന ചോദ്യത്തിന് അടുത്ത തവണ നാല് കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തന്റെ ശരീരം ഇനി അതിന് തയാറാകുന്ന അവസ്ഥയില്‍ അല്ലെന്നും അവർ പറയുന്നു. ഇത്തരത്തില്‍ ഒന്ന് രണ്ട് മൂന്ന് എന്നീ ക്രമത്തില്‍ കുഞ്ഞുങ്ങളുണ്ടാകുന്നത് അപൂര്‍വമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. എന്ത് തന്നെ ആയാലും ഒരോ നിമിഷവും മക്കളോടൊപ്പം സന്തോഷപൂര്‍വം ചിലവഴിക്കുകയാണ് ഈ അമ്മ.