Health

പനിയും കഫക്കെട്ടും വരുമ്പോള്‍ ഇക്കാര്യം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം

ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. തണുപ്പ് കൂടുംതോറും പലര്‍ക്കും അസുഖങ്ങളും വരും. ഇത്തരം അസുഖം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മനസിലാക്കാം…

ആവിപിടിക്കുക – പനിയും കഫക്കെട്ടും വേഗത്തില്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആവിപിടിക്കുക എന്നത്. നന്നായി ആവിപിടിക്കുന്നത് നല്ലതാണ്. ഇത് കഫം ഇളകി പോകുന്നതിന് സഹായിക്കും. അതുപോലെ, മൂക്കടപ്പ് കുറയ്ക്കാനും പനി വേഗത്തില്‍ മാറ്റിയെടുക്കാനും സഹായിക്കും. ആവിപിടിക്കാന്‍ എടുക്കുന്ന വെള്ളത്തില്‍ ഇഞ്ചി, തുളസി, വെളുത്തുള്ളി എന്നിവ ഇടുന്നതും നല്ലതാണ്.

തല കുളിക്കാതിരിക്കാം – പനി പിടിച്ചിരിക്കുന്ന സമയത്ത് തല നനയ്ക്കുന്നത് ഒട്ടും നല്ലതല്ല. തല കുളിക്കുന്നതിലൂടെ കഫക്കെട്ട് കൂടുന്നതിനും അതുപോലെ, പനി കൂടാനും കൂടാകും. ചിലര്‍ എണ്ണതേച്ച് കുളിക്കുന്നത് കാണാം. ഇതും നല്ലതല്ല. കുളിച്ചില്ലെങ്കിലും ഓയില്‍ തലയില്‍ തേയ്ക്കുന്ന ശീലമുള്ളവര്‍ ഇത് അസുഖം മാറുന്നത് വരെ ചെയ്യാതിരിക്കുന്നത് നല്ലതായിരിക്കും.

ചൂടുള്ള വസ്ത്രങ്ങള്‍ ധരിക്കാം – പനിയും കഫക്കെട്ടും ഉള്ള സമയത്ത് ശരീരത്തിന് ചൂട് നല്‍കേണ്ടത് അനിവാര്യമാണ്. ഇതിനായി നല്ല കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതോ അല്ലെങ്കില്‍ പുതപ്പ് പുതച്ച് ഇരിക്കുന്നതെല്ലാം ശരീരം ചൂടാക്കാന്‍ സഹായിക്കുന്നതാണ്. ഇവ ഉപയോഗിക്കുമ്പോള്‍ തലയടക്കം മുടിയിട്ട് പുതച്ചിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടുതല്‍ നല്ലതായിരിക്കും.

പെട്ടെന്ന് ദഹിക്കുന്ന ആഹാരങ്ങള്‍ കഴിക്കാം – നമ്മള്‍ക്ക് പനി പിടിച്ചിരിക്കുമ്പോള്‍ സ്വാഭാവികമായും മെറ്റബോളിസം കുറഞ്ഞായിരിക്കും ഇരിക്കുന്നുണ്ടാവുക. അതിനാല്‍, നന്നായി ദഹിക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നതായിരിക്കും നല്ലത്. കഞ്ഞി, പച്ചക്കറികള്‍ അതുപോലെ, ദഹിക്കുന്ന പോഷക സമ്പന്നമായ സാധനങ്ങള്‍ കഴിക്കുന്നതെല്ലാം തന്നെ ആരോഗ്യത്തിന് നല്ലതാണ്. ഇവ ചൂടോടുകൂടി തന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം.

ഇഞ്ചിവെള്ളം കുടിക്കാം – നമ്മള്‍ക്ക് പനിയും ജലദോഷവും ഉണ്ടായിരിക്കുമ്പോള്‍ ശരീരം നല്ലപോലെ ചൂടാക്കി നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഇതിനായി നന്നായി ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ, ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതുതന്നെ. ഇത് ശരീരത്തിലെ അണുബാധ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിനായി ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി എടുക്കാം. ഇത് വെള്ളത്തില്‍ ഇട്ട് നന്നായി തിളപ്പിച്ചെടുക്കണം. ഇത് ചെറുചൂടോടെ കുടിക്കുന്നത് കഫക്കെട്ടും പനിയും കുറയ്ക്കാന്‍ സഹായിക്കും.