യാത്ര ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? എന്നാല്‍ ഇത്തരത്തിലുള്ള യാത്രകളില്‍ പലയിടങ്ങളിലും പ്രവേശനഫീസ് നിര്‍ബന്ധമാണ്. എന്നാൽ നമ്മുടെ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് പ്രവേശിക്കണമെങ്കില്‍ ഇനി പ്രവേശന ഫീസ് നല്‍കണം എന്നറിയാമോ? വടക്കു കഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍ പ്രവേശിക്കണമെങ്കിലാണ് 50 രൂപ പ്രവേശനഫീസായി നല്‍കേണ്ടത്. 2025 മാര്‍ച്ച് മുതല്‍ ഈ ഫീസ് ബാധകമാണ്.
പരിസ്ഥിത സംരക്ഷണത്തിന്റെ ഭാഗമായി സിക്കിം രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസ്റ്റ് ട്രേഡ് റൂള്‍സ് 2025 ആണ് പുതിയ പ്രവേശന ഫീസ് കൊണ്ട് വന്നത്. ഹോട്ടല്‍ ചെക്ക് ഇൻ ചെയ്യുന്ന സമയത്താണ് പ്രധാനമായും പ്രവേശന ഫീസ് ഈടാക്കുന്നത്. 5 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും സര്‍ക്കാരിന്റ ഔദ്യോഗിക ആവശ്യത്തിനായി എത്തുന്നവര്‍ക്കും ഈ ഫീസ് ബാധകമല്ല.
സിക്കിമില്‍ പ്രവേശിക്കുന്ന സന്ദര്‍ശകര്‍ നല്‍കുന്ന പ്രവേശന ഫീസ് 30 ദിവസത്തേക്കായിരിക്കും. കാലാവധിയ്ക്ക് ശേഷം സംസ്ഥാനത്ത് നിന്ന് പുറത്ത് പോയി വീണ്ടും ഇവിടേക്ക് തിരിച്ചെത്തിയാല്‍ 50 രൂപ നല്‍കണം. സിക്കിമില്‍ സസ്റ്റയിനബിള്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് പുതിയതായി പ്രവേശന ഫീസ് ഈടാക്കുന്നത്.
സിക്കിമിന്റെ പ്രകൃതിയും സംസ്‌കാരിക പൈതൃകവും കാത്തുസൂക്ഷിക്കുന്നതിനും വിനോദസഞ്ചാര മേഖലയിലെ വികാസത്തിനുമായിയാണ് ഈ രൂപ ഉപയോഗിക്കുക. വിനോദസഞ്ചാര വികസനത്തിനൊപ്പം തന്നെ പരിസ്ഥിതിയുടെ സംരക്ഷണവും ഒരുമിച്ച് പോകാനാണ് ഈ ഫീസ്.
ഗാങ്‌ടോക്ക്, യക്‌സം, ട്‌സോംഗോ, തടാകം, നഥുല പാസ്, പെല്ലിംഗ്, ലാചംഗ് എന്ന് തുടങ്ങിയ പല വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സിക്കിമിലുള്ളത്. ഹിമതടാകമായ സോംഗോ സിക്കിമില്‍ വളരെ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന സോംഗോ തടാകത്തിന് ചംഗു തടാകമെന്നുംവിളിപ്പേരുണ്ട്. 12, 313 അടി ഉയരത്തിലാണ് തടാകം സ്ഥിതിചെയ്യുന്നത്. മഞ്ഞുകാലത്ത് തണുത്തുറഞ്ഞ് ഒരു ഹിമതടാകമായി ഇത് മാറുന്നു.
ഹിമാലയന്‍ മലനിരയിലെ പ്രധാനപ്പെട്ട പാതയായ നഥുല ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലുള്ള പ്രധാന വ്യാപാര പാതയാണ്. 14, 140 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ വിനോദസഞ്ചാരികളെ അധികമായി ആകര്‍ഷിക്കുന്നത് നഥുലയാണ്. സാഹസികതയുടെയും ശാന്തതയുടെയും സംഗമവേദിയാണിത്.