Featured Movie News

സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രം ആരംഭിച്ചു, നായിക നമൃത

സിജുവിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് ബുധനാഴ്ച്ച കണ്ണൂരിൽ ആരംഭിച്ചു. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എം.പത്മകുമാർ, മേജർ രവി. ശ്രീകുമാർ മേനോൻ ,സമുദ്രക്കനി
എന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ച ഉല്ലാസ് കൃഷ്ണ ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുകയാണ്.

ടൊവിനോ തോമസ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, സജ്മനിസാം, .ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ്,നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിലാഷ് അർജനൻ. തളിപ്പറമ്പ് ഹൊറൈസൺ ഇൻ്റെർനാഷണൽ ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത സംവിധായകൻ എം.പത്മകുമാർ സ്വിച്ചോൺ കർമ്മവും
സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു തുടക്കം.

നേരത്തേ എം.വി.ഗോവിന്ദൻ മാസ്റ്റർ, എം.പത്മകുമാർ, എം.രാജൻ തളിപ്പറമ്പ് , നിർമ്മാതാക്കൾ അണിയറ പ്രവർത്തകർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. തങ്ങളുടെ നാട്ടിൽ ചിത്രീകരണത്തിനായി ഈ സംഘത്തിന് എല്ലാ സഹായങ്ങളും, പ്രോത്സാഹനവും നൽകുമെന്ന് തളിപ്പറമ്പ് എം.എൽ.എ.കൂടിയായ എം.വി.ഗോവിന്ദൻ മാസ്റ്റർ തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

ജീവിതം ആഘോഷിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ നിത്യജീവിതത്തിൽ ശീലിച്ചുപോരുന്ന ദിനചര്യകളിൽ ചെറിയൊരു മാറ്റംപോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഒരു മെയിൽ നഴ്‌സിന്റെയും ഫീമെയിൽ നഴ്സിന്റെയും ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജുവിൽ സനാണ് നായകൻ.
വേല എന്ന ചിത്രത്തിലൂടെ ‘കടന്നു വന്ന നമൃതയാണ് നായിക. സിദ്ദിഖ്,ബാലു വർഗീസ്, ധീരജ് ഡെന്നി, മനോജ്.കെ.യു., ലെന എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു

സന്ധീപ് സദാനന്ദനും, ദീപു .എസ് .നായരുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം.രാഹുൽ രാജ്. ഛായാഗ്രഹണം – രവിചന്ദ്രൻ എഡിറ്റിംഗ് – അഖിലേഷ് മോഹൻ. കോസ്റ്റും – ഡിസൈൻ – അരുൺ മനോഹർ. മേക്കപ്പ് – ജിത്തു പയ്യന്നൂർ. കണ്ണൂരും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കും.

വാഴൂർ ജോസ്.