Movie News

സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും രഹസ്യവിവാഹം ചെയ്തതായി റിപ്പോര്‍ട്ട് ; ഔദ്യോഗിക സ്ഥിരീകരണംപിന്നാലെ

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളില്‍ ഒരാളായ സിദ്ധാര്‍ത്ഥും ബോളിവുഡ്താരം അദിതി റാവു ഹൈദരിയും പ്രണയത്തിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇരുവരും രഹസ്യബന്ധത്തിലാണെന്ന് വരെയാണ് കിംവദന്തികള്‍. ഇതിനെല്ലാം പുറമേ ദമ്പതികളെ ഒന്നിലധികം തവണ ഒരുമിച്ച് കാണുകയും ചെയ്തിട്ടുണ്ടെങ്കിലൂം അദിതിയോ സിദ്ധാര്‍ത്ഥോ തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ കാര്യത്തില്‍ വരുന്ന ഏറ്റവും പുതിയ വിവരം ഇരുവരും മാര്‍ച്ച് 27 ന് തെലങ്കാനയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചു എന്നാണ്.

ബന്ധത്തിലെ കാര്യത്തില്‍ ഇരുവരും പുലര്‍ത്തുന്ന രഹസ്യസ്വഭാവം പോലെ തന്നെ വിവാഹവും രഹസ്യമായി നടത്തിയെന്നും വിവരം ഔദ്യോഗികമായി പിന്നീട് പുറത്തുവിടും എന്നുമാണ് പുറത്തുവരുന്ന വിവരം. ഗ്രേറ്റ്ആന്ധ്രയിലെ റിപ്പോര്‍ട്ട് അനുസരിച്ച്, തെലങ്കാനയിലെ വനപര്‍ത്തി ജില്ലയിലെ ശ്രീരംഗപുരത്തുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ ഇന്ന് സിദ്ധാര്‍ത്ഥിന്റെയും അദിതി റാവു ഹൈദരിയുടെയും വിവാഹം നടന്നു. നവദമ്പതികള്‍ പിന്നീട് ഔദ്യോഗികമായി വിവാഹ പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വിവാഹചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അദിതി റാവു ഹൈദരിയ്ക്കും സിദ്ധാര്‍ത്ഥിനും ആശംസകള്‍ പ്രവഹിക്കുന്നുണ്ട്. 2021-ല്‍ പുറത്തിറങ്ങിയ തമിഴ്-തെലുങ്ക് ദ്വിഭാഷയായ ‘മഹാ സമുദ്രം’ സിനിമയുടെ സെറ്റില്‍വെച്ചാണ് ഇരുവരും പ്രണയത്തിലായത്. അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും ഒരുമിച്ച് നിരവധി സിനിമാ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്, കൂടാതെ അവര്‍ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സിദ്ധാര്‍ത്ഥും അദിതിയും ഒരുമിച്ച് ചില സോഷ്യല്‍ മീഡിയ റീലുകള്‍ ചെയ്യാന്‍ സഹകരിച്ചു, ഈ ദമ്പതികള്‍ക്ക് എല്ലായ്‌പ്പോഴും ആരാധകരില്‍ നിന്ന് മികച്ച ശ്രദ്ധ ലഭിച്ചു. സിദ്ധാര്‍ത്ഥ് അവസാനം ചെയ്ത സിനിമ് ‘ചിത്ത’യാണ്. ചിത്രം വന്‍ ഹിറ്റായി മാറി. അദിതി റാവു ഹൈദരി കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു സിനിമയും ചെയ്തിട്ടില്ല. എന്നാല്‍’ഗാന്ധി ടോക്സ്’, ഇംഗ്ലീഷ് സിനിമ ‘ലയണസ്’ എന്നിവ അവര്‍ക്കുണ്ട്.