Oddly News

ചികിത്സിക്കാന്‍ പണം വേണം, രോഗിയെ ആശുപത്രി കിടക്കയോടെ ബാങ്കിലെത്തിച്ചു, ഐഡന്റിറ്റി തെളിയിക്കാൻ

പണം കൈമാറ്റം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തിനായി ഉടമയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ബന്ധുക്കള്‍ മൃതപ്രായനായ രോഗിയെ ആശുപത്രി കിടക്കയോടെ ബാങ്കില്‍ കൊണ്ടുവന്നു. ചൈനയില്‍ നടന്ന സംഭവത്തില്‍ ബാങ്കിന്റെ നിര്‍ദേശപ്രകാരമായിരുന്നു ബന്ധുക്കള്‍ ഇടപാടുകാരനെ ആശുപത്രി കിടക്കയില്‍ കിടക്കുന്ന നിലയില്‍ ബാങ്ക് ശാഖയിലേക്ക് കൊണ്ടുവന്നത്.

നടന്ന കാര്യത്തിന്റെ വീഡിയോ കൂടി പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വന്‍ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഷാന്‍ഡോംഗ് പ്രവിശ്യയിലെ ബാങ്കിലായിരുന്നു സംഭവം. ആശുപത്രി കിടക്കയില്‍ ഒരു പുരുഷനെയും തള്ളിക്കൊണ്ട് ഒരു സ്ത്രീ വരുന്നത് വീഡിയോയില്‍ കാണിക്കുന്നു. അയാളുടെ അക്കൗണ്ട് ആക്സസ് ചെയ്യാനുള്ള ഏക മാര്‍ഗം അയാളുടെ വ്യക്തിത്വം നേരിട്ട് സ്ഥിരീകരിക്കുക എന്നതായിരുന്നു. രോഗിയുടെ തന്നെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായിരുന്നു ഈ തത്രപ്പാടുകള്‍.

അയാള്‍ക്ക് സ്വന്തമായി നീങ്ങാന്‍ കഴിയാത്തത്ര രോഗമുണ്ടെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നാണ് അക്കൗണ്ട് ഉടമ ആശുപത്രിയിലായതെന്നും ബന്ധുക്കള്‍ ബാങ്ക് മാനേജരോട് വിശദീകരിച്ചിട്ടും അവരെ നേരിട്ട് അവിടെയെത്തിക്കുക മാത്രമാണ് അക്കൗണ്ട് ആക്സസ് ചെയ്യാന്‍ പോംവഴിയെന്ന് അയാള്‍ കുടുംബത്തോട് പറഞ്ഞു. ഇടപാടുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ തെളിവുകള്‍ പോലും സ്വീകരിക്കാന്‍ ബാങ്ക് ജീവനക്കാര്‍ കൂട്ടാക്കാതെ വന്നതോടെ ഐഡന്റിറ്റി സ്ഥിരീകരണത്തിനായി ഇടപാടുകാരനെ കൊണ്ടുവരാനുള്ള വഴി കണ്ടെത്തുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു.

അക്കൗണ്ട് ഉടമയെ ആംബുലന്‍സില്‍ കൊണ്ടുവരാമെന്ന് ഷാന്‍ഡോംഗ് ബാങ്ക് കുടുംബത്തോട് പറഞ്ഞത്. എന്നാല്‍ ശുശ്രൂഷയുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ ആംബുലന്‍സ് ലഭ്യമാകൂ. സ്വകാര്യ ആംബുലന്‍സിനുള്ള സാമ്പത്തിക സാഹചര്യവും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ആശുപത്രിബെഡ്ഡില്‍ തന്നെ രോഗിയെ ബാങ്കില്‍ എത്തിക്കാന്‍ തീരുമാനം എടുത്തത്. വയോധികന്റെ മകളെന്ന് വിശ്വസിക്കപ്പെടുന്ന ഒരു യുവതി, അയാളുടെ ആശുപത്രി കിടക്ക ഒരു ബാങ്ക് ക്ലര്‍ക്കിന്റെ കൗണ്ടറിലേക്ക് തള്ളിയിക്കയറ്റാന്‍ പാടുപെടുന്നത് വീഡിയോയില്‍ കാണാം.

ഈ ദൃശ്യം ചൂടേറിയ ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു, മിക്ക സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പുരുഷന്റെ കുടുംബം ഹാജരാക്കിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബാങ്കിന് ഒരു അന്വേഷണം നടത്താമായിരുന്നുവെന്ന് അവകാശപ്പെട്ടു, മറ്റുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ ചൈനീസ് സമൂഹത്തിന് തന്നെ നാണക്കേടാണെന്ന് വിശേഷിപ്പിച്ചു.