Health

ആശുപത്രിയില്‍ നിന്നും രോഗം ? പ്രശ്‌നം അല്‍പ്പം ഗൗരവമാണ്, പരിഹാരം എങ്ങനെ?

പണം കൊടുത്ത്‌ ആശുപത്രിയിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി തിരിച്ചുപോരുമ്പോള്‍ നമുക്കില്ലാതിരുന്ന മറ്റു ചില രോഗങ്ങള്‍ക്കൂടി സമ്മാനമായി ലഭിച്ചാലെങ്ങനെയിരിക്കും? അവയാണ്‌ ആശുപത്രിജന്യരോഗങ്ങള്‍ അഥവാ നോസോകോമിയല്‍ ഇന്‍ഫെക്ഷനുകള്‍. (Nosocomial Infection).

എന്താണ്‌ ആശുപത്രിജന്യരോഗങ്ങള്‍?

രോഗചികിത്സാര്‍ത്ഥം ഒരാശുപത്രിയിലെ വാസം മൂലമോ രോഗനിര്‍ണ്ണയ പരിശോധനകള്‍ വഴിയോ രോഗിക്ക്‌ മുന്‍പ്‌ ഇല്ലാതിരുന്ന ഏതെങ്കിലും അണുബാധയോ രോഗങ്ങളോ ഉണ്ടാവുകയാണെങ്കില്‍ അവയെ പൊതുവായി ആശുപത്രിജന്യരോഗങ്ങള്‍ എന്നു വിളിക്കാം.

സാധാരണയായി ആശുപത്രിയില്‍ അഡ്‌മിറ്റായി 48 മണിക്കൂറിനുശേഷം മുതല്‍ ഡിസ്‌ചാര്‍ജായിക്കഴിഞ്ഞ്‌ 30 ദിവസംവരെയുള്ള കാലയളവില്‍ ഉണ്ടാവുന്ന പുതിയ അണുബാധകളാണ്‌ ഈ പട്ടികയില്‍ വരുന്നത്‌. ഗ്രീക്ക്‌ ഭാഷയില്‍ ആശുപത്രി എന്നര്‍ത്ഥം വരുന്ന നോസോക്കോമിയോണ്‍ എന്ന വാക്കില്‍നിന്നാണ്‌ നോസോക്കോമിയല്‍ ഇന്‍ഫെക്ഷന്‍സ്‌ എന്ന പദത്തിന്റെ ആവിര്‍ഭാവം. (Nosos= disease, komeo = to take care of). ഇവയില്‍ത്തന്നെ രോഗനിര്‍ണ്ണയ പരിശോധനകളിലൂടെയും പ്രത്യേക ഉപകരണങ്ങള്‍ കടത്തിയുള്ള ചികിത്സാവിധികളിലൂടെയും രോഗിക്ക്‌ കിട്ടുന്ന അണുബാധകളെ ഇയാട്രോജനിക്‌ (അയാട്രോജനിക്ക്‌ എന്നും പറയാം) ഇന്‍ഫെക്ഷനുകള്‍ എന്നു പറയുന്നു.

പ്രശ്‌നത്തിന്റെ ഗൗരവം

വികസിതരാജ്യങ്ങളെയും വികസ്വരരാജ്യങ്ങളെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണിത്‌. അമേരിക്കയിലെ ആശുപത്രികളില്‍ അഡ്‌മിറ്റാക്കുന്ന പത്തില്‍ ഒരാള്‍ക്ക്‌ വീതം ആശുപത്രിജന്യരോഗങ്ങള്‍ പിടിപെടുന്നുണ്ടെന്നാണ്‌ കണക്ക്‌. പാശ്‌ചാത്യരാജ്യങ്ങളിലെ ശരാശരി ഇന്‍ഫെക്ഷന്‍ നിരക്ക്‌ 5 ശതമാനമാണ്‌. ഇന്ത്യയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ പ്രശ്‌നം അതീവ ഗുരുതരമാണെന്ന്‌ മനസിലാകും. നമ്മുടെ ആശുപത്രികളില്‍ അഡ്‌മിറ്റാവുന്ന 10 മുതല്‍ 30 ശതമാനംവരെ രോഗികള്‍ക്ക്‌ ആശുപത്രിജന്യരോഗങ്ങള്‍ പിടിപെടുന്നുണ്ട്‌.

പ്രധാനപ്പെട്ട ആശുപത്രിജന്യരോഗങ്ങളെ നാലായി തരംതിരിക്കാം. മൂത്രാശയരോഗങ്ങള്‍, ശസ്‌ത്രക്രിയാമുറിവിലെ അണുബാധകള്‍, ശ്വാസനാളത്തിലെയും ശ്വാസകോശത്തിലെയും അണുബാധകള്‍ എന്നിവയാണിവ.

രോഗകാരണങ്ങളായ അണുക്കളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌ ബാക്‌ടീരിയയാണ്‌. സ്യൂഡോമോണാസ്‌, ഇ. കോളി, എന്ററോകോക്കസ്‌, സ്‌റ്റഫൈലോകോക്കസ്‌ ഓറിയസ്‌, ക്ലോസ്‌ട്രീഡിയം, മൈകോബാക്‌ടീരിയം, ട്യൂബര്‍ക്കുലോസിസ്‌ എന്നിവയാണ്‌ അവയില്‍ പ്രധാനം. വൈറസുകളിലാവട്ടെ ഹെപ്പറ്റൈറ്റിസ്‌ വൈറസ്‌, ഹെര്‍പ്പീസ്‌ വൈറസ്‌, ചിക്കന്‍പോക്‌സ് വൈറസ്‌, എച്ച്‌.ഐ.വി, ഇന്‍ഫ്‌ളുവന്‍സാ വൈറസ്‌, റോട്ടാ വൈറസ്‌, സൈറ്റോമെഗലോ വൈറസ്‌ എന്നിവയാണ്‌ മുന്‍പന്തിയില്‍. വൈറസുകള്‍ പ്രധാനമായും ബാധിക്കുന്നത്‌ ശ്വാസകോശത്തെയും ദഹനവ്യവസ്‌ഥയെയുമാണ്‌. ഫംഗസുകളില്‍ 38% പങ്കാളിത്തത്തോടെ മുന്നിട്ടു നില്‍ക്കുന്നത്‌ കാന്‍ഡീഡാ വിഭാഗത്തില്‍പ്പെട്ടവയാണ്‌.

ആശുപത്രിജന്യരോഗങ്ങള്‍ പകരുന്നതെങ്ങനെ

  1. നേരിട്ടുള്ള സമ്പര്‍ക്കംവഴി (മറ്റു രോഗികള്‍, ആശുപത്രിജീവനക്കാര്‍ എന്നിവരുമായി)

2. പരോക്ഷമായ സമ്പര്‍ക്കംവഴി. ഉദാ:- ഇഞ്ചക്ഷന്‍ സൂചികള്‍, ഡ്രസിംഗുകള്‍, ഡ്രിപ്പ്‌ സെറ്റുകള്‍, രക്‌തദാന കിറ്റുകള്‍ മുതലായവ വഴി.

3. വായുവിലൂടെ. ഉദാ:- റ്റി.ബി, ചിക്കന്‍പോക്‌സ്, അഞ്ചാംപനി (മീസില്‍സ്‌) എന്നിവ.

4. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും – മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്‌ഡ്, കോളറ മുതലായവ.

5. ആശുപത്രിയിലെ മറ്റ്‌ ഉപകരണങ്ങളിലൂടെ.

6. ടോയ്‌ലറ്റുകള്‍ വഴി.

7. കൊതുകുകള്‍, ഈച്ചകള്‍ മുതലായ ജീവികളിലൂടെ.

പ്രശ്‌നപരിഹാരം എങ്ങനെ?

ഇതിന്‌ ആത്മാര്‍ത്ഥവും കൂട്ടായുമുള്ള ഒരു ശ്രമം ആവശ്യമാണ്‌. ആശുപത്രിജന്യ രോഗങ്ങളെക്കുറിച്ചും അവ തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ആശുപത്രി ജീവനക്കാര്‍ക്കിടയിലും രോഗികള്‍ക്കിടയിലും നല്ല അവബോധം ഉണ്ടാക്കിയെടുക്കുകയാണ്‌ ആദ്യം വേണ്ടത്‌. ഇതോടൊപ്പം ഇത്തരം അണുബാധകള്‍ തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക്‌ ആശുപത്രി മാനേജ്‌മെന്റിന്റെയും സര്‍ക്കാരിന്റെയും പൂര്‍ണമായ പിന്തുണയും സഹകരണവും അത്യാവശ്യമാണ്‌.

പൊതുവായി ചെയ്യാവുന്ന ചില കാര്യങ്ങള്‍ താഴെ പറയുന്നു.

കൈകള്‍ വൃത്തിയായി കഴുകുക. ഏതെങ്കിലും അണുനാശകലായനികള്‍ ഉപയോഗിച്ചാണെങ്കില്‍ ഏറെ നല്ലത്‌. ഒന്നും കിട്ടിയില്ലെങ്കില്‍ സോപ്പും വെള്ളവും ധാരാളം. രോഗിയെ തൊടുന്നതിന്‌ മുന്‍പും, ഒരു രോഗിയെ തൊട്ട്‌ അടുത്ത ബെഡിലേക്ക്‌ പോകുന്നതിന്‌ മുന്‍പും ഡോക്‌ടര്‍, നഴ്‌സ് മുതലായവര്‍ വൃത്തിയായി കൈ കഴുകേണ്ടതുണ്ട്‌. ഇതേ കൈകഴുകല്‍ രോഗിയുടെ കൂട്ടിരുപ്പുകാര്‍ക്കും ബാധകമാണ്‌. കൈകഴുകലിനെക്കുറിച്ചുള്ള പോസ്‌റ്ററുകള്‍ ആശുപത്രിയില്‍ പലയിടത്തായി പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്യാം. ഇതാണ്‌ ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗം.

ഗ്ലൗസ്‌, മാസ്‌ക്, ഏപ്രണ്‍ എന്നിവയുടെ ഉപയോഗം ആവശ്യമുള്ളയിടങ്ങില്‍ നിര്‍ബന്ധമാക്കുക. (ഗ്ലൗസ്‌ ഉപയോഗം കൈകഴുകലിന്‌ പകരമാവില്ലെന്നും ഓര്‍മ്മിക്കുക).

രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികളുടെ മുറിയില്‍ മാസ്‌ക്കും ഏപ്രണും ഗൗസുമൊക്ക നിര്‍ബന്ധമാക്കുക.

പകര്‍ച്ചവ്യാധികളോ എന്തിന്‌, ജലദോഷം പോലുമോ ഉള്ള ആശുപത്രി സ്‌റ്റാഫും കൂട്ടിരുപ്പുകാരും രോഗികളില്‍ നിന്ന്‌ കഴിവതും വിട്ടുനില്‍ക്കുക.

പകര്‍ച്ചവ്യാധികളുള്ളവരെ ഐസൊലേഷന്‍ റൂമില്‍ മാത്രം കിടത്തുക.

സ്‌റ്റീറോയ്‌ഡ്, ആന്റിബയോട്ടിക്കുകള്‍ മുതലായവയുടെ അമിതവും അനാവശ്യവുമായ ഉപയോഗം നിയന്ത്രിക്കുക.

ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിക്കുക. (കണ്ടയിടത്തൊക്കെ തുപ്പുകയും മൂക്കു ചീറ്റുകയും ചെയ്യുന്ന ശീലം ഒഴിവാക്കുക.) ടോയ്‌ലറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക. (യൂറോപ്യന്‍ ക്ലോസറ്റുകളാണെങ്കില്‍ കൂടുതല്‍ ശ്രദ്ധവേണം.)

ചെരുപ്പുപയോഗിക്കുക

ഇത്രയൊക്കെ ശ്രദ്ധിച്ചാല്‍ ആശുപത്രിജന്യരോഗങ്ങള്‍ നല്ല പരിധിവരെ തടയാന്‍ കഴിയും. ഓര്‍മ്മിക്കുക, ആശുപത്രിജന്യരോഗങ്ങള്‍ ചിലപ്പോഴെങ്കിലും മാരകമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *