ലോകകപ്പില്‍ ഇന്ത്യവന്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ യുവതാരം ശുഭ്മാന്‍ഗില്ലിനെ ഇന്ത്യയ്ക്ക് ലോകകപ്പില്‍ നഷ്ടമായേക്കുമെന്ന് സൂചന. ശുഭ്മാന്‍ ഗില്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ്‌സ് മണിക്കൂറുകള്‍ കഴിയുന്തോറും ടീം ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുകയാണ്.
തന്റെ പ്രിയപ്പെട്ട വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാക്കിസ്ഥാനെതിരായ ബ്ലോക്ക്ബസ്റ്റര്‍ ലോകകപ്പ് മത്സരത്തില്‍ ഗില്‍ ഇറങ്ങുന്ന കാര്യം ആശങ്കയിലാണ്. തിങ്കളാഴ്ച വൈകുന്നേരം, ഡെങ്കിപ്പനിയില്‍ നിന്ന് സുഖം പ്രാപിച്ച ശേഷം സ്റ്റാര്‍ ഓപ്പണര്‍ ചെന്നൈയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യനില പൂര്‍ണ്ണമായും കൈവരിക്കാത്തതാണ് പ്രശ്‌നം.
അണുബാധ നെഗറ്റീവ് ഫലം ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷവും ശരീരത്തിന് പൂര്‍ണ്ണ കായികശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ പാകിസ്ഥാനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ നിന്ന് താരത്തെ ഒഴിവാക്കി. ഒക്ടോബര്‍ 19ന് പുണെയില്‍ ബംഗ്ലാദേശിനെതിരായ മത്സരവും താരത്തിന് നഷ്ടമായേക്കും.
ആരോഗ്യസ്ഥിതി വെച്ച് ഗില്ലിന് പകരക്കാരനെ സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് വരെ റിപ്പോര്‍ട്ടുണ്ട്.
ലോകകപ്പിന് തൊട്ടുമുമ്പ് അസാധാരണ ഫോമിലായിരുന്നു ഗില്‍. ഈ വര്‍ഷം ഇതുവരെ 1230 റണ്‍സ് നേടിയ താരം ഈ വര്‍ഷം ഈ ഫോര്‍മാറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സാണ് നേടിയത്. അഞ്ച് സെഞ്ചുറികളും അര്‍ധസെഞ്ചുറികളും താരം നേടിയിരുന്നു. ലോകകപ്പില്‍ കസറുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് തുടങ്ങുന്നതന് തൊട്ടുമുമ്പ് ഡങ്കിപ്പനി പിടികൂടിയത്.
ഓസ്ട്രേലിയന്‍ പരമ്പരയ്ക്കിടെ ഓപ്പണറായി തിരഞ്ഞെടുക്കപ്പെടുകയും മൊഹാലിയില്‍ അര്‍ധസെഞ്ചുറി നേടുകയും ചെയ്ത റുതുരാജ് ഗെയ്ക്വാദാണ് ബാക്ക്-അപ്പ് ഓപ്പണറായി ആദ്യം നില്‍ക്കുന്നത്, തൊട്ടുപിന്നില്‍ ഇടംകൈയ്യന്‍ ബാറ്റിംഗ് സെന്‍സേഷന്‍ യശസ്വി ജയ്സ്വാളുമുണ്ട്. അടുത്തിടെ സമാപിച്ച ഏഷ്യന്‍ ഗെയിംസ് ടൂര്‍ണമെന്റില്‍ ഇന്ത്യ സ്വര്‍ണം നേടിയ ഇരുവരും മികച്ച ടച്ചിലായിരുന്നു.
ഓപ്പണിംഗ് ഗെയിമില്‍ ഗില്ലിന് പകരം ഇഷാന്‍ കിഷന്‍ നിരയില്‍ എത്തിയെങ്കിലും മോശം തുടക്കമാണ് ലഭിച്ചത്. നിര്‍ണായകമായ പാകിസ്ഥാനെതിരേയുള്ള മത്സരത്തിനായി അഹമ്മദാബാദിലേക്ക് പോകുന്നതിന് മുമ്പ് ഇടംകയ്യന്‍ തന്റെ കഴിവ് വീണ്ടും തെളിയിക്കാന്‍ അഫ്ഗാനിസ്ഥാനെതിരേയും അവസരം നല്‍കും.