തന്റെ സിനിമകളില്‍ മലയാളി താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുവരുന്ന പതിവ് ലോകേഷ് കനകരാജിന് പുതുമയല്ല. കൈദിയില്‍ നരേനെയും ഹരീഷ് പേരടിയെയും അവതരിപ്പിച്ച ലോകേഷ് പിന്നീട് ഫഹദ്ഫാസില്‍, മാളവികാമോഹന്‍, മാത്യൂതോമസ് എന്നിവരെയെല്ലാം വിവിധ സിനിമകളില്‍ ഉപയോഗിക്കുകയും ചെയ്തു. എന്തായാലും രജനീകാന്തുമൊത്ത് ചെയ്യുന്ന ‘തലൈവര്‍ 171’ സിനിമയില്‍ മലയാളികളുടെ പ്രിയപ്പെട്ട നടി ശോഭന എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘തലൈവര്‍ 171’ ല്‍ രജനികാന്തിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ലോകേഷ് കനകരാജ് മുതിര്‍ന്ന നടിയും ഭരതനാട്യം നര്‍ത്തകിയുമായ ശോഭനയെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്. രജനികാന്തിനും ലോകേഷിനുമൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ശോഭന താല്പര്യം പ്രകടിപ്പിച്ചതായിട്ടാണ് വിവരം.
സംഭവം സത്യമായാല്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കും. മുമ്പ് 1991ല്‍ പുറത്തിറങ്ങിയ മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ദളപതി’യില്‍ രജനികാന്തിനൊപ്പം ശോഭന സ്ക്രീന്‍ സ്പേസ് പങ്കിട്ടിരുന്നു. സിനിമയില്‍ രജനി അവതരിപ്പിക്കുന്ന ഗ്യാങ്സ്റ്ററിന്റെ പ്രണയിനിയായി ശോഭന അഭിനയിച്ചു. ഇപ്പോള്‍ ‘തലൈവര്‍ 171’ ല്‍ രജനികാന്തിന്റെ ജോഡിയായി ശോഭനയെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട സംവിധായകന്.
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ ടീസര്‍ തയ്യാറായിക്കഴിഞ്ഞതായിട്ടാണ് വിവരം. പ്രമോഷണല്‍ വീഡിയോയുടെ ഷൂട്ടിംഗ് ഇതിനോടകം തന്നെ പൂര്‍ത്തിയായി. ‘തലൈവര്‍ 171’ എന്ന ചിത്രത്തിനായി ലോകേഷ് കനകരാജ് ‘വിക്രം’, ‘ലിയോ’ ടൈറ്റില്‍ ടീസര്‍ മാജിക് പുനഃസൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ടൈറ്റില്‍ ടീസറിനായി ആരാധകര്‍ വളരെ ആവേശത്തിലാണ്. ഏപ്രില്‍ 22 ന് റിലീസ് ചെയ്യാനിരിക്കുന്ന ടൈറ്റില്‍ ടീസറിനൊപ്പം അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും അറിയിപ്പ് ലോഡ് ചെയ്യുന്നു.