Celebrity

‘ആ സുന്ദരി എന്റെ കാമുകി’; പ്രണയം വെളിപ്പെടുത്തി ശിഖര്‍ ധവാന്‍

നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തന്റെ പ്രണയിനിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഐറിഷ് വനിതയായ സോഫി ഷൈനാണ് ധവാന്റെ കാമുകി. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടാണ് ധവാന്റെ വെളിപ്പെടുത്തല്‍. ‘എന്റെ പ്രണയം’ എന്ന അടിക്കുറിപ്പിനൊപ്പമുള്ള ചിത്രം സോഫിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അത് ധവാനും ഷെയര്‍ ചെയ്തതോടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.

ചാംപ്യൻസ് ട്രോഫിക്കിടെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയിൽ ശിഖർ ധവാനൊപ്പം ഒരു അജ്ഞാത സുന്ദരിയെത്തിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ടൂർണമെന്റിൽ ഇന്ത്യ ബംഗ്ലദേശിനെതിരായ ആദ്യ മത്സരം കളിക്കുമ്പോഴാണ് ഗാലറിയിൽ ധവാനും ഐറിഷ് യുവതിയും ശ്രദ്ധ കവർന്നത്. ഇവരുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍ പ്രണയത്തെക്കുറിച്ച് ധവാനോ സോഫിയയോ ഇതുവരെ തുറന്നുപറഞ്ഞിരുന്നില്ല.

ആദ്യ ഭാര്യയായ അയേഷ മുഖർജിയും ധവാനും 2023ൽ ഔദ്യോഗികമായി വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ 11 വയസുള്ള ഒരു മകനുമുണ്ട്. പക്ഷേ രണ്ടര വയസ്സുവരെ മാത്രമാണു താൻ അവനെ കണ്ടിട്ടുള്ളതെന്ന് ധവാന്‍ ഒരിക്കല്‍ പ്രതികരിച്ചിരുന്നു. 2025 ഫെബ്രുവരിയിലാണ് ഇങ്ങനെയൊരു പ്രതികരണം ധവാന്‍ നടത്തിയത്. ‘ഞാൻ അവന് സന്ദേശങ്ങൾ അയക്കാറുണ്ട്. പക്ഷേ അവന്‍ എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അവന്‍ എന്റെ സന്ദേശങ്ങൾ കാണുന്നുണ്ടോയെന്നു പോലും അറിയില്ല. എങ്കിലും ഞാനിത് തുടരും’ എന്നാണ് അന്ന് ധവാന്‍ പറഞ്ഞത്.

ഇതിനിടെയാണ് കഴിഞ്ഞ നവംബറില്‍ ധവാനൊപ്പമുള്ള അജ്ഞാത സുന്ദരിയെക്കുറിച്ചുള്ള വാര്‍ത്തകളെത്തിയത്. പലയിടത്തും ഇരുവരും ഒരുമിച്ചെത്തി. ധനകാര്യ സേവന കമ്പനിയായ നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പ്പറേഷനില്‍ സെക്കന്‍ഡ് വൈസ് പ്രസിഡന്റ്- പ്രൊഡക്റ്റ് കണ്‍സള്‍ട്ടന്റാണ് സോഫി ഷൈന്‍ എന്നാണ് പുറത്തുവരുന്ന വിവരം. യുഎഇയിലാണ് ഇവര്‍ താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *