Movie News

”അവളോടൊപ്പം കളിയ്ക്കാന്‍ അമ്മമ്മയില്ല”; വികാരനിര്‍ഭരമായ വീഡിയോയുമായി സൗഭാഗ്യ

”അവളോടൊപ്പം കളിയ്ക്കാന്‍ അമ്മമ്മയില്ല”; വികാരനിര്‍ഭരമായ വീഡിയോയുമായി സൗഭാഗ്യ

മലയാളികളുടെ സുന്ദരി മുത്തശ്ശി നടി സുബ്ബലക്ഷ്മിയുടെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം. മകള്‍ താര കല്യാണിനും കൊച്ചുമകള്‍ സൗഭാഗ്യയ്ക്കും കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി മരണപ്പെടുന്നത്. സൗഭാഗ്യയാണ് സുബ്ബലക്ഷ്മിയുടെ മരണ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്.

”പകരം വെയ്ക്കാനാവാത്ത”- എന്ന തലക്കെട്ടുമായി ഇപ്പോള്‍ വികാരനിര്‍ഭരമായ ഒരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് സൗഭാഗ്യ. മകള്‍ സുദര്‍ശന മുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പം കളിയ്ക്കുന്ന രംഗങ്ങളാണ് സൗഭാഗ്യ പങ്കുവെച്ചത്. എട്ട് മാസം മുന്‍പ് ആരോഗ്യവതിയായി ഇരിയ്ക്കുമ്പോള്‍ സുബ്ബലക്ഷ്മിയോടൊപ്പം സുദര്‍ശന കണ്ണു പൊത്തി കളിയ്ക്കുന്നു. പിന്നീട് രണ്ട് മാസം മുന്‍പ് കുറച്ചു കൂടി ക്ഷീണിതയായി സുബ്ബലക്ഷ്മി കിടക്കയില്‍ ഇരുന്ന് കൊച്ചുമകളോടൊപ്പം കണ്ണുപൊത്തി കളിയ്ക്കുന്നു. തുടര്‍ന്ന് 15 ദിവസം തീരെ അവശതയിലും കുഞ്ഞിനോടൊപ്പം കണ്ണുപൊത്തി കളിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് സുബ്ബലക്ഷ്മി. അമ്മൂമ്മയുടെ വേര്‍പാടിന് ശേഷവും സുദര്‍ശന തന്റെ കണ്ണുപൊത്തി അമ്മമ്മ ഉള്ളതു പോലെ തന്നെ കളിയ്ക്കുകയാണ്. ”അവള്‍ ഇപ്പോഴും കളിയ്ക്കുകയാണ്. എന്നാല്‍ അവളോടൊപ്പം കളിയ്ക്കാന്‍ അമ്മമ്മയില്ല” – എന്നാണ് സൗഭാഗ്യ വീഡിയോയുടെ അവസാനം കുറിച്ചിരിയ്ക്കുന്നത്.

തന്റെ 69-ാം വയസിലാണ് സുബ്ബലക്ഷ്മി സിനിമയിലെത്തുന്നത്. നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യത്തെ ചിത്രം. പിന്നീടങ്ങോട്ട് മലയാളികളുടെയെല്ലാം മുത്തശ്ശിയായി മാറുകയായിരുന്നു സുബ്ബലക്ഷ്മി. കല്യാണ രാമന്‍, പാണ്ടിപ്പട തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സംഗീത അധ്യാപികയായിരുന്ന സുബ്ബലക്ഷ്മി ആകാശവാണിയിലും ജോലി ചെയ്തിട്ടുണ്ട്. വിരമിച്ച ശേഷമാണ് സുബ്ബലക്ഷ്മി അഭിനേത്രിയായി മാറുന്നത്. മലയാളത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല സുബ്ബലക്ഷ്മി. തമിഴടക്കമുള്ള മറ്റ് ഭാഷകളിലും അഭിനയിച്ചു. രണ്‍ബീര്‍ കപൂറിനെ പോലുള്ളവരുടെ കൂടെ പരസ്യങ്ങളിലും അഭിനയിച്ചു. 

https://www.instagram.com/reel/C0TX06evwZX/?utm_source=ig_web_copy_link