ബോളിവുഡിന്റെ താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ 14-നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ക്ക് റാഹ എന്നൊരു മകളുണ്ട്. വിവാഹ ശേഷവും താരദമ്പതികള്‍ സിനിമയില്‍ സജീവമാണ്. വിവാഹശേഷമുള്ള ഇരുവരുടേയും മാറ്റങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് രണ്‍ബീര്‍ കപൂര്‍. തങ്ങളുടെ ബന്ധത്തിന് അനുയോജ്യമായ രീതിയില്‍ ആലിയ തന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം വരുത്തിയതായി രണ്‍ബീര്‍ പറയുന്നു. ഏത് ദാമ്പത്യജീവിതത്തിലും ഇരുകൂട്ടര്‍ക്കും സന്തുഷ്ടരായിരിക്കാന്‍ വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്ന് താരം വിശദീകരിച്ചു.
നിഖില്‍ കാമത്തുമായി അടുത്തിടെ നടത്തിയ പോഡ്കാസ്റ്റില്‍, രണ്‍ബീര്‍ കപൂര്‍ വിവാഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും അതിന് ആവശ്യമായ വിട്ടുവീഴ്ചകളെ കുറിച്ചും തുറന്നു പറഞ്ഞു. രണ്ട് പങ്കാളികളും പലപ്പോഴും അവരുടെ വ്യക്തിത്വത്തിന്റെ ചില വശങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വരും. ‘ഉദാഹരണത്തിന്, അവള്‍ വളരെ ഉച്ചത്തിലുള്ള സ്വരത്തിലാണ് സംസാരിച്ചിരുന്നത്. എന്റെ പിതാവിന്റെ ഉച്ചത്തിലുള്ള ശാസനകളിലാണ് വളര്‍ന്നു വന്നത്, അത് എന്നെ എപ്പോഴും അലട്ടുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് അവളുടെ ആ രീതി മാറ്റാന്‍ അവള്‍ ശരിക്കും ശ്രമിച്ചു. അത് എളുപ്പവുമല്ല. നിങ്ങളുടെ ജീവിതത്തിന്റെ 30 വര്‍ഷം നിങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ സംസാരിക്കുമ്പോള്‍. അത് പെട്ടെന്ന് മാറ്റാന്‍ എളുപ്പമല്ല ” – രണ്‍ബീര്‍ പറയുന്നു.
‘കുടുംബജീവിതത്തില്‍ പങ്കാളികള്‍ പരസ്പരം പലതും ഉപേക്ഷിക്കേണ്ടി വരും. നമ്മുടെ വ്യക്തിത്വം നഷ്ടമായേക്കം. വിവാഹശേഷം ആലിയ അവളുടെ വ്യക്തിത്വം ഉപേക്ഷിക്കാന്‍ തയാറായി. ഞങ്ങള്‍ പരസ്പരം അഡ്ജസ്റ്റ് ചെയ്തു. ഏതൊരു വിവാഹത്തിലും ഇതുതന്നെയാണ് നടക്കുന്നത്. വിവാഹത്തിന് മുമ്പുള്ള നമ്മളെ ഉപേക്ഷിക്കണം. നിങ്ങള്‍ പരസ്പരം അഡ്ജസ്റ്റ് ചെയ്യണം. പലതും ത്യജിക്കേണ്ടതുണ്ട്- രണ്‍ബീര്‍ പറഞ്ഞു.