Hollywood

ട്രംപ് ജയിച്ചാല്‍ നാടുവിടുമെന്ന് ഹോളിവുഡ് മാദകതാരം ഷാരണ്‍സ്‌റ്റോണ്‍ ; ഇറ്റലിയില്‍ പോയി താമസിക്കും

ഹോളിവുഡില്‍ അനേകം സിനിമാതാരങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങളില്‍ ഇടപെട്ടത്. കമലാഹാരീസിന് വേണ്ടി പരസ്യമായി ജാമി ലീ കര്‍ട്ടിസും ഗായിക കാറ്റി പെറിയും മുമ്പോട്ട് വന്നിരുന്നു. രാജി വെയ്ക്കുന്നതിന് മുമ്പ് നടന്‍ ജോര്‍ജ്ജ് ക്ലൂണി പ്രസിഡന്റ് ജോ ബൈഡന് വേണ്ടി ഒരു ധനസമാഹരണം നടത്തി ശ്രദ്ധനേടിയിരുന്നു.

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും പുതിയതായി ഹോളിവുഡില്‍ നിന്നും രംഗത്ത് വന്നിരിക്കുന്നത് പഴയ ഗ്‌ളാമര്‍ഗേള്‍ ഷാരണ്‍സ്‌റ്റോണാണ്. ട്രംപ് ജയിച്ചാല്‍ അമേരിക്ക വിടുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്ന് താരം പരസ്യമായി പറഞ്ഞു. നവംബറില്‍ ട്രംപ് വിജയിച്ചാല്‍ യൂറോപ്പില്‍ ഒരു പുതിയ ജീവിതത്തിനായി അമേരിക്ക വിടുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്ന് നടി ഗൗരവത്തില്‍ പറഞ്ഞു.

78 കാരനായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് വീണ്ടും വൈറ്റ് ഹൗസില്‍ എത്തിയാല്‍ ഇറ്റലിയില്‍ ഒരു വീട് വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ് 66 കാരി നടത്തിയ പ്രസ്താവന. ”ഞാന്‍ തീര്‍ച്ചയായും ഇറ്റലിയില്‍ ഒരു വീട് പരിഗണിക്കുന്നു. ഈ സമയത്ത് അതൊരു ബുദ്ധിപരമായ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു.” അവര്‍ കൂട്ടിച്ചേര്‍ത്തു. വെറുപ്പിന്റെയും അടിച്ചമര്‍ത്തലിന്റെയും ഒരു പ്ലാറ്റ്ഫോമില്‍ ആരെങ്കിലും ഓടുന്നത് എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണുന്നതെന്നും നടി പറഞ്ഞു.

അതേസമയം നടിയുടെ സുഹൃത്തുക്കള്‍ പറയുന്നത് ഇതിനകം അവര്‍ ഫ്രഞ്ച് റിവിയേരയില്‍ വീട് നോക്കിയിട്ടുണ്ടെന്നാണ്. ബെവര്‍ലി ഹില്‍സിലെ വീട്ടിലാണ് തന്റെ കുട്ടികളുമായി ഷാരോണ്‍ സ്‌റ്റോണ്‍ വളരെക്കാലമായി ജീവിക്കുന്നത്. നടി വീടുമാറുന്നതിനെക്കുറിച്ച് വീണ്ടും ചിന്തിച്ചാല്‍ ഫ്രാന്‍സിന് ഇറ്റലിയേക്കാള്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു.

ഇപ്പോള്‍ ബെര്‍ലിനില്‍ ഒരു ഷോ നടക്കുന്ന സ്‌റ്റോണിന്റെ സ്റ്റോണിന്റെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം റോമിലുമുണ്ട്. ദീര്‍ഘകാലത്തിന് ശേഷം ലൈംലൈറ്റിലേക്ക് മടങ്ങി വന്നിരിക്കുന്ന നടി ഈ വര്‍ഷാവസാനം അവര്‍ അമേരിക്കയില്‍ ബോബ് ഒഡെന്‍കിര്‍ക്കിനൊപ്പം നോബഡി 2 എന്ന ചിത്രം ചെയ്യുമെന്ന് കരുതുന്നു. അതേസമയം 2016-ല്‍ ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്, അദ്ദേഹം അധികാരത്തിലെത്തിയാല്‍ രാജ്യം വിടുമെന്ന് പറഞ്ഞ നിരവധി സെലിബ്രിറ്റികള്‍ ഉണ്ട്.

ആമി ഷുമര്‍, ചെല്‍സി ഹാന്‍ഡ്ലര്‍, ബ്രയാന്‍ ക്രാന്‍സ്റ്റണ്‍, ജോണ്‍ സ്റ്റുവര്‍ട്ട്, സാമുവല്‍ എല്‍. ജാക്സണ്‍, മൈലി സൈറസ്, ചെര്‍ എന്നിവരെല്ലാം ഈ അഭിപ്രായം പ്രകടിപ്പിച്ചവരാണ്. എന്നാല്‍ അവരാരും രാജ്യം വിട്ടു പോയില്ല. ഗേള്‍സ് എഴുത്തുകാരി ലെന ഡന്‍ഹാം മാത്രമാണ് ഇക്കാര്യത്തില്‍ പറഞ്ഞതുപോലെ ചെയ്തത്. 2021 ല്‍ ബൈഡന്‍ വിജയിച്ച് ഒരു വര്‍ഷത്തിന് ശേഷം അവര്‍ അമേരിക്ക വിട്ടു.