Sports

ടി 20 ക്രിക്കറ്റില്‍ ഇന്ത്യ എത്ര തവണ 200 ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടെന്ന് അറിയാമോ?

ലോകകപ്പിന് പിന്നാലെ നടക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ഇന്ത്യ ചേസ് ചെയ്ത് പിടിച്ചു. ഈ മത്സരത്തിലൂടെ ടി20 യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ചേസ് ചെയ്ത ടീമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഓസീസന്റെ 208 എന്ന സ്‌കോറാണ് ഇന്ത്യ ഒരോവറില്‍ 10 റണ്‍ ശരാശരിയില്‍ മറികടന്നത്. ഇതോടെ ടി20 യില്‍ ഏതു വമ്പന്‍ സ്‌കോറും ചേസ് ചെയ്ത് മറികടക്കാന്‍ കഴിയുന്ന ടീമെന്ന ഖ്യാതി കുടിയാണ് ഇന്ത്യന്‍ ടീം നേടിയെടുത്തത്.

200 ന് മേല്‍ ഇതുവരെ 20 തവണയ്ക്ക് മുകളില്‍ സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ ടീമാണ് കുട്ടിക്രിക്കറ്റില്‍ ഇരട്ടശതകം ഏറ്റവും കൂടുതല്‍ തവണ മറികടന്നിട്ടുള്ള ടീമും. 28 തവണയാണ് ഇന്ത്യ ടി20 യില്‍ 200 ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയെക്കാള്‍ ആറു തവണ കൂടുതല്‍ 200 ന് മുകളില്‍ ഇന്ത്യയ്ക്ക് സ്‌കോര്‍ ചെയ്യാനായിട്ടുണ്ട്. 22 തവണയാണ് ദക്ഷിണാഫ്രിക്ക ഈ നേട്ടം കൈവരിച്ചത്. അതേസമയം ഏകദിനത്തിലെ ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് ഈ നേട്ടം 18 തവണ സ്വന്തമാക്കാനേ കഴിഞ്ഞിട്ടുള്ളൂ.

ക്രിക്കറ്റിന്റെ കുലപതികളായ ഇംഗ്‌ളണ്ടിനും വമ്പന്മാരായ ന്യൂസിലന്റിനും 18 തവണയേ ടി 20 യില്‍ 200 ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായുള്ളൂ. വെസ്റ്റിന്‍ഡീസ് 12 തവണയും പാകിസ്താന്‍ 11 തവണയും 200 ന് മുകളില്‍ ടി20 യില്‍ സ്‌കോര്‍ ചെയ്തു. മറ്റുടീമുകള്‍ക്കൊന്നും ഇതിന്റെ അയല്‍പക്കത്ത് പോലും എത്താനായിട്ടില്ല. ആറു മാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ ഫേവറിറ്റുകളാക്കുന്ന ഘടകങ്ങളില്‍ ഒന്ന് ഇന്തയുടെ വമ്പന്‍ സ്‌കോര്‍ നേടാനുള്ള ഈ കഴിവാണ്.