Featured Spotlight

യോഗി ‘കാലനേമി’യെന്ന് ശങ്കരാചാര്യര്‍,; തര്‍ക്കം, അയോധ്യ ഉദ്യോഗസ്‌ഥന്‍ രാജിവച്ചു

ന്യൂഡല്‍ഹി: ശങ്കരാചാര്യര്‍ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതിയും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന്‌ അയോധ്യ ഡെപ്യൂട്ടി ജി.എസ്‌.ടി. കമ്മിഷണര്‍ പ്രശാന്ത്‌ കുമാര്‍ സിങ്‌ രാജിസമര്‍പ്പിച്ചു. യോഗി ആദിത്യനാഥിനും പ്രധാനമന്ത്രിക്കും നേരെയുണ്ടായ ‘അവഹേളനം’ സഹിക്കാന്‍ കഴിയില്ലെന്ന്‌ പറഞ്ഞാണ്‌ അദ്ദേഹം രാജിക്കത്ത്‌ നല്‍കിയത്‌.

ഈ മാസം ആദ്യം നടന്ന മാഘമേളയ്‌ക്കിടെ പ്രയാഗ്‌രാജിലെ സംഗമത്തില്‍ വിശുദ്ധ സ്‌നാനം നടത്താനെത്തിയ ശങ്കരാചാര്യനെയും അനുയായികളെയും തടഞ്ഞെന്ന ആരോപണത്തോടെയാണു വിവാദം ആരംഭിച്ചത്‌. തിരക്കേറിയ സ്‌ഥലത്ത്‌ അപകട സാധ്യത ഒഴിവാക്കാന്‍ മറ്റ്‌ തീര്‍ത്ഥാടകരെപ്പോലെ കാല്‍നടയായി എത്താന്‍ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടത്രേ. രഥപ്രയാണത്തിന്‌ അനുമതി നിഷേധിച്ചുവെന്നും ശങ്കരാചാര്യര്‍ ആരോപിച്ചു.

ഈ ആരോപണങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശങ്കരാചാര്യരും തമ്മില്‍ ശക്‌തമായ വാക്കേറ്റത്തിലേക്കു നയിച്ചു. രാമായണത്തില്‍ ഹനുമാനെ വഞ്ചിക്കാന്‍ സന്യാസിയുടെ വേഷം പൂണ്ട ‘കാലനേമി’ എന്ന രാക്ഷസനോടാണ്‌ അദ്ദേഹത്തെ മുഖ്യമന്ത്രി താരതമ്യം ചെയ്‌തത്‌.
യോഗി ആദിത്യനാഥ്‌ ഇപ്പോള്‍ ഒരു രാഷ്‌ട്രീയക്കാരനാണെന്നും മതകാര്യങ്ങള്‍ തങ്ങളെപ്പോലുള്ള സന്യാസിമാര്‍ക്ക്‌ വിട്ടുനല്‍കണമെന്നും ശങ്കരാചാര്യര്‍ പറഞ്ഞു.

‘രാഷ്‌ട്രീയക്കാരനായ മുഖ്യമന്ത്രി വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, സംസ്‌ഥാനത്തിന്റെ അഭിവൃദ്ധി എന്നിവയെക്കുറിച്ച്‌ സംസാരിക്കുന്നില്ല. അദ്ദേഹം കാലനേമിയെക്കുറിച്ചും മതത്തെക്കുറിച്ചും മതമില്ലായ്‌മയെക്കുറിച്ചും സംസാരിക്കുന്നു. ഇത്‌ എത്രത്തോളം അനുയോജ്യമാണ്‌? മുഖ്യമന്ത്രി തന്റെ സംസ്‌ഥാനത്തിന്റെ അഭിവൃദ്ധിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യണം. മതപരമായ കാര്യങ്ങള്‍ മത നേതാക്കള്‍ക്ക്‌ വിടണം’- അദ്ദേഹം പറഞ്ഞു.

ശങ്കരാചാര്യര്‍ക്കെതിരേ പ്രതികരിച്ചാണു ജി.എസ്‌.ടി. കമ്മീഷണര്‍ പ്രശാന്ത്‌ കുമാര്‍ സിങ്‌ രംഗത്തെത്തിയത്‌. ‘ഞാന്‍ സര്‍ക്കാരിന്‌, മുഖ്യമന്ത്രിക്ക്‌, പ്രധാനമന്ത്രിക്ക്‌, ആഭ്യന്തര മന്ത്രിക്ക്‌, ഭരണഘടനയ്‌ക്ക്‌, ജനാധിപത്യത്തിന്‌ പിന്തുണയര്‍പ്പിച്ചാണ്‌ രാജിവച്ചത്‌. സമൂഹത്തെ വിഭജിക്കാനുള്ള ലക്ഷ്യത്തോടെയുള്ള അവിമുക്‌തേശ്വരാനന്ദയുടെ നിയന്ത്രണമില്ലാത്ത അഭിപ്രായങ്ങള്‍ എന്നെ വേദനിപ്പിച്ചു,’- അദ്ദേഹം പറഞ്ഞു.’ഈ സര്‍ക്കാര്‍ എന്റെ അന്നദാതാവാണ്‌ . ഒരു റൊബോട്ടിനെപ്പോലെ ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്നത്‌ എന്റെ കടമയല്ല. യോഗി ആദിത്യനാഥ്‌ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്‌, ഈ അവഹേളനം എനിക്ക്‌ സഹിക്കാനാകില്ല.’ – അദ്ദേഹം പറഞ്ഞു.