ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളായി എത്തിയ ബോളിവുഡ് ഹിറ്റ് ചിത്രമാണ് ഓം ശാന്തി ഓം. 2007-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് ഫറാ ഖാന്‍ ആണ്. പ്രണയത്തിന്റെയും പുനര്‍ജന്മത്തിന്റെയും കഥ പറയുന്ന ചിത്രം ദീപിക പദുക്കോണ്‍ ആദ്യമായി നായിക വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു.
തീപിടുത്തത്തിന്റെ നിരവധി രംഗങ്ങള്‍ സിനിമയിലുണ്ട്. സിനിമയിലെ പ്രധാനഭാഗം കൂടിയാണ് അത്. ഇപ്പോഴിതാ ഓം ശാന്തി ഓമിന്റെ അഗ്‌നി രംഗം ചിത്രീകരിച്ചതിലെ അപകടസാധ്യതകളെക്കുറിച്ച് ആക്ഷന്‍ ഡയറക്ടര്‍ ഷാം കൗശല്‍ പറഞ്ഞു. ആ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും താന്‍ എല്ലാ ദിവസവും ഭയപ്പെട്ടിരുന്നുവെന്നും ഷാം വെളിപ്പെടുത്തി. ദിവസവും സെറ്റില്‍ പോകുമ്പോള്‍ കാര്യങ്ങള്‍ സുഗമമായി മാറുമെന്ന് തന്നെയായിരുന്നു തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അക്കാലത്ത് വിഎഫ്എക്‌സ് സാങ്കേതിക വിദ്യ അത്ര പുരോഗമിച്ചിരുന്നില്ലാത്തതിനാല്‍ യാഥാര്‍ത്ഥ്യമായി തന്നെ അഗ്നി രംഗങ്ങള്‍ ചിത്രീകരിയ്‌ക്കേണ്ടി വന്നിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിയ്ക്കുന്നതിനായി മൂന്ന് ക്യാമറകളാണ് ഉപയോഗിച്ചത്. അത് ചിത്രീകരിക്കുമ്പോള്‍ 60 പേര്‍ രംഗത്തുണ്ടായിരുന്നു. ലൈറ്റിടുന്നതിനും തീ അണക്കുന്നതിനുമുള്ള സമയത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും, രണ്ടില്‍ ഒരു സെക്കന്റ് വൈകിയാല്‍ പോലും അപകടകരമായേക്കാമെന്നും ഷാം കൗശല്‍ പറഞ്ഞു.
അഗ്നി രംഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 4-5 ദിവസമെടുത്തു. എന്നിരുന്നാലും, ആ ദിവസങ്ങളില്‍ അദ്ദേഹം വളരെ ആശങ്കാകുലനായിരുന്നു. ” ആ സമയമൊക്കെ എന്നെ കൊല്ലുന്ന പോലെയുള്ള നിമിഷങ്ങളായിരുന്നു. എനിക്ക് ഹൃദയാഘാതം സംഭവിക്കുമെന്ന് പോലും തോന്നിപ്പോയി. ചില ഘട്ടങ്ങളില്‍ ഞാന്‍ തകര്‍ന്നുപോയി ”- ഷാം വെളിപ്പെടുത്തി. എന്നാല്‍ അത്തരം അപകടം പിടിച്ച രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴും ഷാരൂഖ് ഖാന്‍ വളരെ ശാന്തനായിരുന്നു. ” താങ്കള്‍ ടെന്‍ഷന്‍ അടിയ്ക്കരുതെന്നും, ഞാന്‍ ഇതുപോലെ പുറത്തുവരുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു ” – ഷാം പറയുന്നു.