തിരുവനന്തപുരം: വോട്ടര്‍ പോളിങ്‌ബൂത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സമ്മതിദായകരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍പട്ടികയിലെ പേരും വിവരങ്ങളും പോളിങ് ഉദ്യോഗസ്‌ഥന്‍ പരിശോധിക്കും. തുടര്‍ന്ന് രണ്ടാമത്തെ പോളിങ് ഓഫീസറുടെ അടുത്ത് ചെല്ലുമ്പോള്‍ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്‌റ്ററില്‍ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നല്‍കും. ഈ സ്ലിപ്പുമായി വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുന്‍പിലെത്തി സ്ലിപ്പ് ഏല്‍പ്പിക്കണം.
ഉദ്യോഗസ്‌ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റുകള്‍ വോട്ടിങ്ങിന് സജ്‌ജമാക്കും. തുടര്‍ന്ന് സമ്മതിദായകര്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിലേക്ക് നീങ്ങണം. ബാലറ്റ് യൂണിറ്റില്‍ ഏറ്റവും മുകളില്‍ ഇടതുഭാഗത്തായി പച്ചനിറത്തിലുള്ള ഓരോ ചെറിയ ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നതു കാണാനാകും. ഇത് ബാലറ്റ് യൂണിറ്റുകള്‍ വോട്ടു രേഖപ്പെടുത്താന്‍ തയാറാണെന്ന് സൂചിപ്പിക്കുന്നു.
സ്‌ഥാനാര്‍ത്ഥിയുടെ ചിഹ്‌നത്തിനു നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തിയാല്‍ ദീര്‍ഘമായ ബീപ് ശബ്‌ദം കേള്‍ക്കുകയും വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണമാവുകയും ചെയ്യും. ശേഷം വോട്ടര്‍ക്ക് മടങ്ങാവുന്നതാണ്.
കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ സമ്മതിദായകര്‍ ഒരു വോട്ടുമാത്രം ചെയ്‌താല്‍ മതി. ത്രിതല പഞ്ചായത്തില്‍ ഒരു വോട്ടര്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേക്ക് ഓരോ വോട്ട് വീതം ആകെ മൂന്നു വോട്ടുകള്‍ രേഖപ്പെടുത്തണം. വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിലെ മൂന്നു ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്‌ജീകരിച്ചിരിക്കുന്നത്.
ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്തിലെ സ്‌ഥാനാര്‍ഥികളുടെ പേരും ചിഹ്‌നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബലും, രണ്ടാമത്തെ ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളംനീല നിറത്തിലുള്ള ലേബലുമാണ് പതിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോള്‍ ഒരു നീണ്ട ബീപ് ശബ്‌ദം കേള്‍ക്കുന്നതോടെ വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണമാകും.
ഏതെങ്കിലും ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ താത്‌പര്യമില്ലാത്തപക്ഷം താത്‌പര്യമുള്ള തലത്തിലെ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടണ്‍ (ഇത് ചുവപ്പ് നിറത്തിലുള്ളതാണ്) അമര്‍ത്തി വോട്ടിങ് പൂര്‍ത്തിയാക്കാം.
വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണമാകുമ്പോള്‍ നീണ്ട ഒരു ബീപ് ശബ്‌ദം കേള്‍ക്കാനാകും. ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ.
അതു പോലെ ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണില്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്തുക. വോട്ട് ചെയ്യുന്നതിനുള്ള രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കാന്‍ ഓരോ വോട്ടറും ബാധ്യസ്‌ഥരാണെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് എന്തെങ്കിലും സംശയമോ പ്രയാസമോ അനുഭവപ്പെടുന്നുവെങ്കില്‍ പ്രിസൈഡിങ് ഓഫീസറുടെ സഹായം തേടാം.
വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അടുത്ത ആളിന് വോട്ട് ചെയ്യാനായി എത്രയും വേഗം വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍നിന്നും വോട്ടര്‍ പുറത്തു കടക്കണം.




