Crime

മോഷ്ടാവിന് 17കാരിയോട് പ്രണയം, വീട്ടിൽ കയറി പലവട്ടം ലൈം​ഗിക പീഡനം, ശേഷം മുങ്ങി; അവസാനം അറസ്റ്റില്‍

പത്തനംതിട്ടയില്‍ പതിനേഴുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡനത്തിനിരയാക്കിയ മോഷ്ടാവ് പിടിയില്‍. ഇയാള്‍ സ്ഥിരം മോഷണക്കേസുകളിലെ പ്രതിയാണ്. പത്തനംതിട്ട ‌മല്ലപ്പള്ളി മടുക്കോലി സ്വദേശി കെഎം മനുവാണ് (28) അറസ്റ്റിലായത്. പ്രണയം അഭിനയിച്ചെത്തിയ മനു പെണ്‍കുട്ടിയെ വലയിലാക്കുകയായിരുന്നു. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന് പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു.

വീട്ടിൽ മുതിര്‍ന്ന ആരും ഇല്ലാതിരുന്ന സമയത്ത് കുട്ടിയുടെ വീട്ടിലെത്തിയ മനു ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മോഷണക്കേസുകളുൾപ്പടെ നിരവധി കേസിൽ പ്രതിയായ മനു, പീഡനത്തിന് ശേഷം പൊലീസ് തിരയുന്നുണ്ടെന്ന് കണ്ടതോടെ ഒളിവിൽപ്പോയിരുന്നു.

പെരുമ്പെട്ടി പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, സിവിൽപൊലീസ് ഓഫീസർമാരായ അലക്‌സ്, അഭിജിത്ത് എന്നിവർ അടങ്ങുന്ന സംഘം എരുമേലിയിൽ നിന്നാണ് പ്രതിയെ പിടികൂടുകയായിരുന്നു. പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ്. കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, തിരുവല്ല, റാന്നി, കീഴ്വായ്പൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ മനുവിന്‍റെ പേരില്‍ നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.