ഏത് രക്തഗ്രൂപ്പിലുള്ള രോഗികള്‍ക്കും സ്വീകരിക്കാന്‍ കഴിയുന്ന രീതിയില്‍ വിജയകരമായി വൃക്കയില്‍ പരിവര്‍ത്തനം വരുത്തി കാനഡയിലെയും ചൈനയിലെയും ശാസ്ത്രജ്ഞര്‍. യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയും (UBC) അവിവോ ബയോമെഡിക്കൽ ഇൻകോർപ്പറേറ്റഡും (Avivo Biomedical Inc.) ചേർന്ന് വികസിപ്പിച്ചെടുത്ത പ്രത്യേക എൻസൈമുകൾ (enzymes) ഉപയോഗിച്ചാണ് ‘എ’ രക്തഗ്രൂപ്പിൽപ്പെട്ട വൃക്കയെ യൂണിവേഴ്സൽ രക്തഗ്രൂപ്പായ ‘ഓ’യിലേക്ക് മാറ്റിയത്. 2010-കളുടെ തുടക്കത്തിൽ, രക്തഗ്രൂപ്പുകളെ നിർവചിക്കുന്ന ഷുഗറുകൾ (sugars) നീക്കം ചെയ്തുകൊണ്ട് യൂണിവേഴ്സൽ ദാതാവിന്റെ രക്തം നിർമ്മിക്കുവാന്‍ ഡോ. വിത്തേഴ്സും സഹപ്രവർത്തകനായ മലയാളിയായ ചെങ്ങന്നൂര്‍ സ്വദേശി ഡോ. ജയചന്ദ്രൻ കിഴക്കേടത്തും നടത്തിയ പരീക്ഷണങ്ങളാണ് ഈ നേട്ടങ്ങള്‍ക്കു പിന്നില്‍.
ഒരു പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണത്തിനു ശേഷമാണ് വൃക്ക മാറ്റിവയ്ക്കല്‍ രംഗത്ത് ഒരു വലിയ മാറ്റമുണ്ടാക്കുന്ന ശാസ്ത്രീയ മുന്നേറ്റം. ദാതാവിന്റെ വൃക്കയെ ഓ (O) ഗ്രൂപ്പിലേക്ക് മാറ്റി, ഏത് സ്വീകർത്താവിനും അനുയോജ്യമായ യൂണിവേഴ്സൽ കിഡ്നി വികസിപ്പിച്ചുകൊണ്ട് രക്തഗ്രൂപ്പ് ശാസ്ത്രജ്ഞർ വൃക്ക മാറ്റിവെക്കലിൽ ഒരു പുതിയ വഴി തുറന്നിരിക്കുന്നു.
ഇപ്രകാരം മാറ്റം വരുത്തിയ വൃക്ക, മസ്തിഷ്ക മരണം സംഭവിച്ച ഒരു രോഗിയുടെ ശരീരത്തിൽ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ മാറ്റിവെച്ചു (transplanted). ശരീരം വൃക്കയെ നിരസിച്ചില്ല. ദിവസങ്ങളോളം വൃക്ക നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു. അവയവമാറ്റത്തിനായുള്ള നീണ്ട കാത്തിരിപ്പ് കുറയ്ക്കാനും നിരവധി ജീവനുകള്‍ രക്ഷിക്കാനും വഴിതെളിക്കുന്നതാണ് മുന്നേറ്റം. ‘നേച്ചർ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ നേട്ടം, ആയിരക്കണക്കിന് രോഗികൾക്ക് വേഗത്തിൽ വൃക്ക മാറ്റിവെക്കൽ ലഭ്യമാക്കാൻ സഹായിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ്.
ഈ മുന്നേറ്റം സൂചിപ്പിക്കുന്നത്, വൃക്കകൾക്ക് ഇനി സ്വീകർത്താക്കളുടെ രക്തഗ്രൂപ്പുകളുമായി കൃത്യമായി പൊരുത്തപ്പെടേണ്ടതില്ല എന്നാണ്. ഇത് ലഭ്യമായ ദാതാക്കളുടെ അവയവങ്ങളുടെ (donor organs) എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാനും മാറ്റിവെക്കലിന്റെ വിജയ നിരക്ക് മെച്ചപ്പെടുത്താനും കഴിയും.
യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ഈ മുന്നേറ്റം ഒരു പതിറ്റാണ്ടിലേറെ നീണ്ട പരിശ്രമത്തിന്റെ ഫലമാണ്.
പുതിയ എന്‍സൈം ചികിത്സ അവയവത്തെത്തന്നെ മാറ്റുന്നതാണ്. ഇത് വേഗത്തിലുള്ള അവയവമാറ്റങ്ങള്‍, കുറഞ്ഞ സങ്കീര്‍ണതകള്‍, മരണമടഞ്ഞ ദാതാക്കളില്‍ നിന്ന് രക്തഗ്രൂപ്പ് പരിഗണിക്കാതെയുള്ള അവയവങ്ങളുടെ ലഭ്യത എന്നിവ സാധ്യമാക്കുന്നു. ഇത്തരത്തില്‍ രൂപാന്തരപ്പെടുത്തിയ ഒരു വൃക്കയാണ് മസ്തിഷ്‌ക മരണം സംഭവിച്ച ഒരു രോഗിയില്‍ വിജയകരമായി മാറ്റിവെച്ചത്. ശരീരം നിരസിക്കാതെ ദിവസങ്ങളോളം അത് നന്നായി പ്രവര്‍ത്തിച്ചു. ഇതിന് റെഗുലേറ്ററി അംഗീകാരങ്ങള്‍ നേടുന്നതും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതുമാണ് അടുത്ത ഘട്ടങ്ങള്‍. ഈ സാങ്കേതികവിദ്യ രക്തഗ്രൂപ്പ് എന്ന തടസ്സം ഭേദിച്ച് അവയവമാറ്റ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും നിരവധി ജീവനുകള്‍ രക്ഷിക്കാനും സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.




