Sports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 30 ബില്യണ്‍ ഡോളറിന്റെ ഓഹരി വാങ്ങാന്‍ സൗദി; പ്രതികരിക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡ്

ലോക ക്രിക്കറ്റിലെ ഏറ്റവും പണംവാരി വിനോദോപാധിയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് വാങ്ങാന്‍ സൗദി അറേബ്യ. ഒരുപക്ഷേ കായികരംഗത്തെ ഏറ്റവും സമ്പന്നമായ ലീഗിനെ സ്വന്തമാക്കാന്‍ താല്‍പ്പര്യം ഉന്നയിച്ച് സൗദി ബിസിസിഐ യെ സമീപിച്ചതായിട്ടാണ് വിവരം.

ബ്ലൂംബെര്‍ഗ് ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഐപിഎല്ലില്‍ കോടിക്കണക്കിന് ഡോളര്‍ ഓഹരി വാങ്ങാന്‍ സൗദി അറേബ്യ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ 30 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയാക്കി മാറ്റുന്നതിനെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ഇന്ത്യാ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായിട്ടാണ് വിവരം.

ഈ വര്‍ഷം സെപ്റ്റംബറില്‍ സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ചര്‍ച്ചകള്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ ഈ വിഷയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാകട്ടെ ഇതുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല. ലീഗിനെ ലോകം മുഴുവന്‍ പടരുന്ന ഒരു വന്‍ ബിസിനസാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ് സമീപിച്ചിരിക്കുന്നത്. ലീഗില്‍ വന്‍ നിക്ഷേപവും നടത്തും.

ഐപിഎല്ലില്‍ സൗദി അറേബ്യയില്‍ നിന്നും രണ്ട് സ്‌പോണ്‍സര്‍മാരുണ്ട്, അരാംകോയും സൗദി അറേബ്യ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും. ഐപിഎല്‍ 2023 ന്റെ പ്രക്ഷേപണത്തിനായി സ്‌പോണ്‍സര്‍മാര്‍ 6.2 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു മത്സരത്തിന് 15.1 ദശലക്ഷം ഡോളറാണ് കണക്കാക്കുന്നത്.

അമേരിക്കന്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗിന് (എന്‍എഫ്എല്‍) തൊട്ടുപിന്നിലായി ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇത്. അടുത്ത കാലത്തായി ഫുട്‌ബോളില്‍ വന്‍ നിക്ഷേപം സൗദി നടത്തിയിരുന്നു. ലാകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ട് ഫുട്‌ബോള്‍ കളിക്കാരായ അല്‍ നാസറിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, അല്‍ ഹിലാലിനായി കളിക്കുന്ന നെയ്മര്‍ ജൂനിയറും ഇപ്പോള്‍ സൗദി പ്രോ ലീഗിലാണ് കളിക്കുന്നത്. റൂബന്‍ നെവെസ്, സെര്‍ജിജ് മിലിന്‍കോവിച്ച് സാവിക്, സാദിയോ മാനെ തുടങ്ങിയ നിരവധി താരങ്ങളും യൂറോപ്യന്‍ ഫുട്‌ബോള്‍ വിടാന്‍ അവരുടെ പണം ആകര്‍ഷിച്ചു.