ഉപഗ്രഹം ടാഗ് ചെയ്യപ്പെട്ട ദേശാടനപക്ഷിയുടെ ആഗോള യാത്ര പക്ഷിശാസ്ത്രജ്ഞര്‍ക്ക് കൗതുക വിഷയമാകുന്നു. ഒഡീഷയിലെ വനത്തില്‍ നിന്ന് 18 ദിവസം കൊണ്ട് 6,000 കിലോമീറ്റര്‍ പറന്ന അമുര്‍ ഫാല്‍ക്കണാണ്് അമ്പരപ്പിക്കുന്നത്. മെയ് 20 ന് ചൈനയിലെ മഞ്ചൂറിയന്‍ ഉള്‍ക്കടലില്‍ എത്തിയ പക്ഷി കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പറന്നത് ഏകദേശം 10,000 കിലോമീറ്റര്‍.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ പിന്നിട്ട് ഏപ്രില്‍ 30 മുതല്‍ മെയ് 2 വരെ ഒഡീഷയിലെ ഒരു വനത്തില്‍ പക്ഷി മൂന്ന് ദിവസം താമസിച്ചു. ചൈനയിലെ മഞ്ചൂറിയന്‍ ബേയിലാണ് ഇപ്പോള്‍ ഇത് ട്രാക്ക് ചെയ്യപ്പെട്ടതെന്ന് ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഐഐ) ശാസ്ത്രജ്ഞന്‍ ഡോ സുരേഷ് കുമാര്‍ പറഞ്ഞു.
ഏപ്രില്‍ 30 ന് ഒഡീഷയിലെ കലഹണ്ടി ജില്ലയിലെ കര്‍ലാപത് വന്യജീവി സങ്കേതത്തില്‍ പരുന്തിനെ കണ്ടിരുന്നു. പിന്നീട് മെയ് ഒന്നിന് സാറ്റലൈറ്റ് ട്രാക്കിംഗില്‍ ഫുല്‍ബാനിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ പക്ഷിയെ കണ്ടെത്തി. ഒരു ദിവസത്തിന് ശേഷം, ധേങ്കനാല്‍ ജില്ലയിലെ ഒരു വനത്തില്‍ ഇത് ട്രാക്ക് ചെയ്യപ്പെട്ടു, ഡോ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഒഡീഷയില്‍ നിന്ന് പക്ഷി ബംഗ്ലാദേശിലേക്കും മ്യാന്‍മറിലേക്കും പറന്നു. നീണ്ട പറക്കലിനിടെ ചൈനയിലെ മഞ്ഞക്കടലും ബോഹായ് കടലും കടന്ന് മെയ് 20-ന് വടക്കുകിഴക്കന്‍ ചൈനയിലെ മഞ്ചൂറിയന്‍ ഉള്‍ക്കടലില്‍ എത്തി. ആണ്‍ അമുര്‍ ഫാല്‍ക്കണിനെ 2024 നവംബര്‍ 8 ന് മണിപ്പൂരിലെ തമെംഗ്ലോംഗ് ജില്ലയില്‍ ഒരു ഉപഗ്രഹ ട്രാന്‍സ്മിറ്റര്‍ ഉപയോഗിച്ച് ടാഗ് ചെയ്തതായി ഡോ കുമാര്‍ പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കൂടുതലായി കാണപ്പെടുന്ന ഈ പക്ഷി ഇനം ഏകദേശം ഒരു പ്രാവിന്റെ വലുപ്പമാണ്. ഇത് ദീര്‍ഘദൂര, ഭൂമധ്യരേഖാ ദേശാന്തര ദേശാടന പക്ഷിയാണ്, ആവാസവ്യവസ്ഥയുടെ നഷ്ടം, വേട്ടയാടല്‍, നിയമവിരുദ്ധമായ കെണി എന്നിവയൊക്കെയാണ് പക്ഷി നേരിടുന്ന പ്രധാനപ്രശ്‌നം.



