Featured Sports

6,4,6,4,6,4: ലെവന് മതിയാകുന്നില്ല! 15 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച്‌ മുംബൈ താരം സര്‍ഫ്രാസ്‌ ഖാന്‍- വീഡിയോ

ജയ്‌പുര്‍: വിജയ്‌ ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 15 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച്‌ മുംബൈ താരം സര്‍ഫ്രാസ്‌ ഖാന്‍. പഞ്ചാബിനെതിരേ നടന്ന സി ഗ്രൂപ്പ്‌ മത്സരത്തിലാണു സര്‍ഫ്രാസിന്റെ വെടിക്കെട്ട്‌. പഞ്ചാബ്‌ നായകനും ഇന്ത്യന്‍ താരവുമായ അഭിഷേക്‌ ശര്‍മ എറിഞ്ഞ 10-ാം ഓവറില്‍ 30 റണ്ണാണ്‌ സര്‍ഫ്രാസ്‌ അടിച്ചെടുത്തത്‌.

മൂന്നാമനായാണു സര്‍ഫ്രാസ്‌ ക്രീസിലെത്തിയത്‌. ആദ്യ പന്ത്‌ സിക്‌സറടിച്ച സര്‍ഫ്രാസ്‌ അടുത്ത പന്തില്‍ ഫോര്‍, പിന്നെ സിക്‌സര്‍, പിന്നെയും ഫോര്‍, അടുത്ത പന്ത്‌ സിക്‌സര്‍, അവസാന പന്തില്‍ ഫോര്‍ എന്നിങ്ങനെയായിരുന്നു സര്‍ഫ്രാസ്‌ അടിച്ചിട്ടത്‌. അതോടെ 15 പന്തില്‍ സര്‍ഫ്രാസ്‌ അര്‍ധ സെഞ്ചുറിയും കടന്നു. ലിസ്‌റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 കടക്കുന്ന ഇന്ത്യന്‍ താരമാണ്‌ സര്‍ഫ്രാസ്‌. 2020-21 ല്‍ ഛത്തീസ്‌ഗഡിനെതിരെ ബറോഡയുടെ അതിത്‌ ഷെത്‌, 1995 ല്‍ ബറോഡയ്‌്ക്കെതിരേ മഹാരാഷ്‌ട്രയുടെ അഭിജിത്‌ കാലെ എന്നിവര്‍ 16 പന്തില്‍ നേടിയ അര്‍ധ സെഞ്ചുറിയുടെ റെക്കോഡാണ്‌ സര്‍ഫ്രാസ്‌ തകര്‍ത്തത്‌. 20 പന്തില്‍ 62 റണ്ണെടുത്ത താരത്തെ മയാങ്ക്‌ മാര്‍ക്കണ്ഡെ വിക്കറ്റിനു മുന്നില്‍ കുടുക്കി. ആകെ അഞ്ച്‌ സിക്‌സറും ഏഴ്‌ ഫോറുമാണ്‌ സര്‍ഫ്രാസിന്റെ ബാറ്റില്‍നിന്നു പിറന്നത്‌.

സര്‍ഫ്രാസിന്റെ വെടിക്കെട്ടുണ്ടായെങ്കിലും പഞ്ചാബ്‌ മത്സരം ഒരു റണ്ണിനു ജയിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത പഞ്ചാബ്‌ 216 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത മുംബൈ 27-ാം ഓവറില്‍ 215 റണ്ണിന്‌ ഓള്‍ഔട്ടായി. പഞ്ചാബിനായി ഗുര്‍നൂര്‍ ബ്രാറും മായങ്ക്‌ മര്‍കാണ്ഡെയും നാല്‌ വിക്കറ്റ്‌ വീതവും ഹര്‍പ്രീത്‌ ബ്രാര്‍ ഒരു വിക്കറ്റുമെടുത്തു. മുംബൈ നിരയില്‍ നായകന്‍ ശ്രേയസ്‌ അയ്യര്‍ (34 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 45), ഓപ്പണര്‍ അന്‍ക്രിഷ്‌ രഘുവംശി (32 പന്തില്‍ 23), മുഷീര്‍ ഖാന്‍ (22 പന്തില്‍ 21) എന്നിവര്‍ മാത്രമാണു പൊരുതിയത്‌. പഞ്ചാബിനായി രമണ്‍ദീപ്‌ സിങ്‌ (74 പന്തില്‍ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 72), അന്‍മോല്‍പ്രീത്‌ സിങ്‌ (75 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 57) എന്നിവര്‍ അര്‍ധ സെഞ്ചുറികളടിച്ചു. ഏഴ്‌ കളികളില്‍നിന്ന്‌ 24 പോയിന്റ്‌ നേടിയ പഞ്ചാബ്‌ ഒന്നാം സ്‌ഥാനത്തും 20 പോയിന്റുള്ള മുംബൈ രണ്ടാം സ്‌ഥാനത്തും ഫിനിഷ്‌ ചെയ്‌തു.