Sports

ഇന്ത്യ ഞങ്ങളുടെ മുന്നില്‍ ഒന്നുമായിരുന്നില്ല ; ചാംപ്യന്‍സ്‌ട്രോഫിക്ക് മുമ്പേ വീമ്പിളക്കി പാകിസ്താന്‍താരം

ഏകദേശം എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി അടുത്ത ആഴ്ച ആരംഭിക്കാന്‍ ഇരിക്കെ വാക്‌പോര് തുടങ്ങിവെച്ച് പാകിസ്താന്‍ മുന്‍താരം സര്‍ഫറാസ് അഹമ്മദ്. ഈ വര്‍ഷത്തെ മെഗാ ഇവന്റിന് മുന്നോടിയായി, കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിച്ച് ടീമിന്റെ അന്നത്തെ മാനസികാവസ്ഥയെക്കുറിച്ച് സംസാരിച്ചു.

ഓവലില്‍ നടന്ന ഫൈനലില്‍ സര്‍ഫറാസിന്റെ ടീം 180 റണ്‍സിനാണ് വിജയിച്ചത്. അതേസമയം ഈ ടൂര്‍ണമെന്റില്‍ ലീഗ് ഘട്ടത്തില്‍ ഇന്ത്യയോട് പാകിസ്താന്‍ പരാജയപ്പെട്ടിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായി കളിക്കുന്നതിനാല്‍ പാകിസ്ഥാന്‍ ടീമില്‍ ഉയര്‍ന്ന സമ്മര്‍ദ്ദം ഉണ്ടാകുമെന്ന് സര്‍ഫറാസ് പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് തോറ്റതിന് ശേഷം ഞങ്ങള്‍ മികച്ച ടീം മീറ്റിംഗ് നടത്തി. അന്ന് എല്ലാവരും അവരവരുടേതായ പങ്ക് വഹിക്കുന്ന കാര്യം ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ചില സീനിയര്‍ താരങ്ങള്‍ പറഞ്ഞു. ആ ദിവസം മുതല്‍ ഞങ്ങള്‍ ഞങ്ങളുടെ ചിന്താഗതി മാറ്റി. എന്നാൽ അതിന് ശേഷം ടീമിൽ രണ്ട് പ്രധാന മാറ്റങ്ങൾ വരുത്തിയെന്നും അത് കിരീട നേട്ടത്തിലേക്കുള്ള യാത്രയിൽ ഗുണം ചെയ്തുവെന്നും അന്ന് ക്യാപ്റ്റൻ കൂടിയായിരുന്ന സർഫറാസ് അഹമ്മദ് പറഞ്ഞു. ചാംപ്യൻസ് ട്രോഫി ചരിത്രത്തിൽ ഇന്ത്യ ആധിപത്യം പുലർത്തുന്ന മറ്റ് ഐസിസി ടൂർണമെന്റുകളിലെ റെക്കോർഡിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയ്‌ക്കെതിരെ 3-2 എന്ന മുൻതൂക്കം പാകിസ്താനുണ്ട്.

”ഞങ്ങള്‍ ഇംഗ്ലണ്ടുമായി സെമി ഫൈനലില്‍ കളിച്ചു, ഞങ്ങളുടെ ബൗളര്‍മാര്‍ മികച്ചവരായിരുന്നു… പിന്നെ, ഫൈനലില്‍ ഇന്ത്യയായിരുന്നു. ഞങ്ങളുടെ നിലവാരം വളരെ ഉയര്‍ന്നതാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു, ഫൈനലിന് മുമ്പ് കളിക്കാര്‍ക്കുള്ള എന്റെ സന്ദേശം വിശ്രമിക്കുക എന്നതായിരുന്നു. മുന്‍ പാകിസ്ഥാന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. എനിക്ക് നാല് സെമി ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍, ഞാന്‍ പാകിസ്ഥാന്‍, ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവരെ തെരഞ്ഞെടുക്കുമെന്നും സര്‍ഫറാസ് പറഞ്ഞു.