ഗാന്ധിനഗര്‍: മുഴുവന്‍ കശ്മീരിനെയും ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കണമെന്നതായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ ആഗ്രഹമെന്നും അതിന് തടസ്സം നിന്നത് ജവാഹര്‍ലാല്‍ നെഹ്‌റുവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ ഏകതാ നഗറില്‍ ‘രാഷ്ട്രീയ ഏകതാ ദിവസ്’ പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം എഴുതി സമയം കളയരുത്. ചരിത്രം സൃഷ്ടിക്കാന്‍ നാം കഠിനാധ്വാനം ചെയ്യണം എന്നാണ് പട്ടേല്‍ വിശ്വസിച്ചിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
”മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ മുഴുവന്‍ കശ്മീരും ഇന്ത്യയുമായി ഒന്നിപ്പിക്കണമെന്ന് പട്ടേല്‍ ആഗ്രഹിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കുന്നത് നെഹ്‌റുജി തടഞ്ഞു. കശ്മീരിനെ വിഭജിച്ചു, പ്രത്യേക ഭരണഘടനയും പതാകയും നല്‍കി. കോണ്‍ഗ്രസിന്റെ ആ തെറ്റ് കാരണം രാജ്യം പതിറ്റാണ്ടുകളോളം കഷ്ടപ്പെട്ടു”-മോദി പറഞ്ഞു
സര്‍ദാര്‍ പട്ടേല്‍ രൂപപ്പെടുത്തിയ നയങ്ങളും അദ്ദേഹം എടുത്ത തീരുമാനങ്ങളും പുതിയ ചരിത്രം സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ”സ്വാതന്ത്ര്യത്തിനുശേഷം 550 ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന അസാധ്യമായ ദൗത്യം പട്ടേല്‍ സാധ്യമാക്കി. ഒരു ഇന്ത്യ, മികച്ച ഇന്ത്യ എന്ന ആശയം അദ്ദേഹത്തിന് പരമപ്രധാനമായിരുന്നു. രാഷ്ട്രത്തെ സേവിക്കുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് പട്ടേല്‍ ഒരിക്കല്‍ പറഞ്ഞിരുന്നു” -മോദി പറഞ്ഞു.
ആദ്യ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ 150 ാം ജന്മദിനത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പരേഡാണ് ഏകതാ പ്രതിമയ്ക്കു മുന്നില്‍ അരങ്ങേറിയത്. ബി.എസ്.എഫ്, സിഐഎസ്എഫ്, ഐടിബിപി, സിആര്‍പിഎഫ്, എസ്എസ്ബി തുടങ്ങിയ അര്‍ധസൈനിക വിഭാഗങ്ങളും കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകളും പരേഡില്‍ അണിനിരന്നു. വനിതകളായിരുന്നു പരേഡ് നയിച്ചത്. എന്‍.സി.സിയുടെ ഒരു സംഘവും പരേഡില്‍ പങ്കെടുത്തു. ചടങ്ങില്‍ 182 മീറ്റര്‍ ഉയരമുള്ള പട്ടേലിന്റെ പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി.




