ലോകകപ്പില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മലയാളി ആരാധകര്‍ ചെറുതായിട്ടൊന്നുമല്ല വിഷമിച്ചത്. കാര്യമായ അവസരം നല്‍കാതെ താരത്തെ എന്നന്നേക്കുമായി ഒഴിവാക്കുകയാണോ എന്നായിരുന്നു ഉയര്‍ന്ന ആശങ്ക. എന്നാല്‍ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സില്‍ ഞായറാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കായി സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കെ താരത്തെ ടീം മദ്ധ്യനിരയില്‍ ഉപയോഗിക്കുമെന്ന് ഇന്ത്യന്‍ ടീം നായകനും വിക്കറ്റ് കീപ്പറുമായ കെ.എല്‍.രാഹുല്‍.
മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുന്ന രാഹുല്‍, പരമ്പരയിലെ സാംസണിന്റെ പങ്കിനെ അഭിസംബോധന ചെയ്തു. ഇന്ത്യന്‍ സജ്ജീകരണത്തില്‍ സാംസണ്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യുമെന്ന് രാഹുല്‍ വ്യക്തമാക്കി. ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ഉദ്ഘാടന ഏകദിന മത്സരത്തിന്റെ തലേന്ന് മാധ്യമങ്ങളോട് സംസാരിക്കവേയാണ് കെ.എല്‍. രാഹുല്‍ ഇക്കാര്യം പറഞ്ഞത്. മധ്യനിരയില്‍ സഞ്ജു ബാറ്റ് ചെയ്യും. ഏകദിന ക്രിക്കറ്റ് കളിച്ചപ്പോഴെല്ലാം അദ്ദേഹം വഹിച്ച പങ്ക് അതാണ്. അവന്‍ അഞ്ചിലോ ആറിലോ ബാറ്റ് ചെയ്യും. താന്‍ വിക്കറ്റ് കീപ്പറാകുമെന്നും ആ റോളില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കാനും സാധ്യതയുണ്ടെന്നും പറഞ്ഞു.
പരിക്കേറ്റ കെ എല്‍ രാഹുലിന്റെ ബാക്കപ്പ് എന്ന നിലയിലാണെങ്കിലും ശ്രീലങ്കയിലേക്ക് പോകുന്ന ഏഷ്യാ കപ്പ് ടീമില്‍ നേരത്തേ സഞ്ജുസാംസണ്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഏകദിന ലോകകപ്പ് ടീമിന്റെ കണക്കെടുപ്പില്‍ സഞ്ജുവും ഉണ്ടായിരുന്നു. എന്നിരുന്നാലും, പിന്നീട് സൂപ്പര്‍ ഫോര്‍ ഘട്ടത്തിലേക്ക് ടീം കടന്നതോടെ സാംസണെ നാട്ടിലേക്ക് തിരിച്ചയച്ചു. പിന്നീട് ലോകകപ്പ് ടീമിലേക്കും ഒഴിവാക്കപ്പെട്ടു. .
ഇന്ത്യന്‍ ടീമിലെ പരിക്കുകളും സ്ഥിരതയില്ലാത്ത അവസരങ്ങളും കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ടീമിലും 2023 ലെ ഏകദിന ലോകകപ്പ് ടീമിലും സാംസണിന് അവസരം നിഷേധിച്ചിരുന്നു. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. 50 ഓവര്‍ ലോകകപ്പിന് ശേഷം ഇന്ത്യ കളിച്ച ഓസ്ട്രേലിയയിലോ ദക്ഷിണാഫ്രിക്കയിലോ ടി 20 ഐ മത്സരങ്ങളില്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ചിട്ടില്ല. എന്നാല്‍ താരത്തെ വിളിച്ചിരിക്കുന്നത് ഏകദിന ടീമിലേക്കാണ്. ഇതിലൂടെ ലോകകപ്പ് ടീമില്‍ എത്തുക താരത്തെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ജനുവരിയില്‍ അഫ്ഗാനിസ്ഥാനെതിരെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന പരമ്പരയില്‍ കളിക്കാന്‍ സഞ്ജുവിന് അവസരം കിട്ടുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.