Featured Sports

ഏറെ പഴികേട്ടതാണ് ഗയ്‌സ്… ഇനി പറ്റില്ല ; സഞ്ജു തിരിച്ചടിച്ചു, തുടര്‍ച്ചയായി സെഞ്ച്വറി…!, നിറയെ റെക്കോഡുകൾ

ബാറ്റിംഗില്‍ സ്ഥിരതയില്ലാത്തവനെന്ന ദീര്‍ഘനാള്‍ കേട്ട പഴി ഒടുവില്‍ ടി20 യില്‍ ഒരു റെക്കോഡ് ഇട്ടുകൊണ്ട് ഇന്ത്യയുടെ മലയാളിതാരം സഞ്ജുസാംസണ്‍ തീര്‍ത്തു. തുടര്‍ച്ചയായി കളിച്ച രണ്ടാമത്തെ മത്സരത്തിലും ശതകം നേടിയ സഞ്ജു ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ ടി20 സെഞ്ച്വറിയും കുറിച്ചു. ഇതോടെ ഇന്ത്യക്ക് വേണ്ടി ബാക്ക്-ടു ബാക്ക് ടി20 ഐ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായിട്ടാണ് സഞ്ജുസാംസണ്‍ ചരിത്രം കുറിച്ചത്.

വെള്ളിയാഴ്ച ഡര്‍ബനില്‍ നടന്ന ആദ്യ ടി20യില്‍ 50 പന്തുകളില്‍ നിന്നും 107 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍ ഏഴു ബൗണ്ടറികളും 10 സിക്‌സറുകളും താരത്തിന്റെ ബാറ്റില്‍ നിന്നും പറന്നു. ഒടുവില്‍ പീറ്ററിന്റെ പന്തില്‍ സ്റ്റബ്‌സ് പിടിച്ചായിരുന്നു പുറത്തായത്. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മുന്‍ ടി20യില്‍ 47 പന്തില്‍ 111 റണ്‍സ് നേടിയതിന് ശേഷമാണ് സാംസണ്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയത്.
വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ടി20 ഐ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ടീമിന്റെ വാതില്‍ സഞ്ജു മലര്‍ക്കെ തുറന്നിരിക്കുകയാണ്. കളിയില്‍ അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത് സഞ്ജുവായിരുന്നു.

അഭിഷേക് ഏഴു റണ്‍സിന് മടങ്ങിയപ്പോള്‍ 21 റണ്‍സ് നേടിയ സൂര്യകുമാറിനും 33 റണ്‍സ് എടുത്ത തിലക് വര്‍മ്മയ്ക്കുമൊപ്പം സഞ്ജു ഇന്നിംഗ്‌സ് മുമ്പോട്ട് കൊണ്ടുപോയി. സഞ്ജുവിന്റെ മികവില്‍ ഇന്ത്യ 202 റണ്‍സാണ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്ക 141 ന് പുറത്താകുകയും ചെയ്തു. 61 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കൂടിയാണ് ഇത്. ടി20യില്‍ തുടര്‍ച്ചയായി നൂറുകള്‍ നേടിയിട്ടുള്ള താരങ്ങള്‍ ഗുസ്താവ് മക്കിയോണ്‍, റിലീ റോസോവ്, ഫില്‍ സാള്‍ട്ട് എന്നിവരാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) രാജസ്ഥാന്‍ റോയല്‍സിന്റെ (ആര്‍ആര്‍) ക്യാപ്റ്റനായ 29 കാരനായ സഞ്ജു ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിലെ മൂന്നാമത്തെ ക്രിക്കറ്റ് കളിക്കാരനും തുടര്‍ച്ചയായ മത്സരങ്ങളില്‍ ടി20 ഐ സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരവുമായി. നേരത്തെ, ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ റിലീ റോസോ, ഫ്രാന്‍സിന്റെ ഗുസ്താവ് മക്കിയോണ്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.

ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ നിലനിര്‍ത്തല്‍ സാംസണായിരുന്നു, 18 കോടി രൂപയ്ക്ക് നിലനിര്‍ത്തി. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഫ്രാഞ്ചൈസിയെ രണ്ട് പ്ലേ ഓഫുകളിലേക്ക് നയിച്ച സാംസണ്‍, ഇപ്പോള്‍ ടി20 ഐ ക്രിക്കറ്റിലെ മുന്‍നിര ബാറ്റര്‍മാരില്‍ ഒരാളാണ്. നേരത്തെ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.