Movie News

സെയ്ഫ് അലിഖാന്റെ 15,000 കോടി സ്വത്ത് നഷ്ടമാകും; എന്താണ് ‘ശത്രുസ്വത്ത്’ കേസ് എന്നറിയാമോ?

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് നഗരത്തിലെ 15,000 കോടി രൂപ വിലമതിക്കുന്ന പൂര്‍വ്വിക സ്വത്ത് നഷ്ടപ്പെട്ടേക്കും. പട്ടൗഡി കുടുംബത്തിന്റെ വസ്തുവിന്‌മേലുള്ള സ്റ്റേ നീക്കിയതോടെ കുടുംബം സമര്‍പ്പിച്ചിരിക്കുന്ന അപ്പീലിന്റെ കാലാവധി ജനുവരി 13-ന് അവസാനിച്ചു. ഇതോടെ വസ്തുവകകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള സ്റ്റേയാണ് മധ്യപ്രദേശ് ഹൈക്കോടതി നീക്കിയത്.

ഇപ്പോള്‍, ഭോപ്പാലിലെ നവാബ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും കുടുംബത്തിന്റെയും സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. ഇതിനകം 80 ശതമാനവും വിറ്റുകഴിഞ്ഞിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ട്വിസ്റ്റ് മോഷണശ്രമത്തിനിടെ ബംഗ്ലാദേശിയുടെ കുത്തേറ്റ് താരം ആശുപത്രിയില്‍ കിടക്കുന്ന സമയത്താണ് വന്നിരിക്കുന്നത്. നിലവില്‍ ഈ വസ്തു സെയ്ഫ് അലി ഖാന്റെ മാതാവും ബോളിവുഡ് മുന്‍ നടിയുമായ ഷര്‍മ്മിളാടാഗോറിന്റെയും സഹോദരിയുടെയും ബന്ധുക്കളുടെയും പേരിലാണ്.

പട്ടൗഡി കുടുംബത്തിന് ഭോപ്പാല്‍ മുതല്‍ ചിക്ലോഡ് വരെ ആസ്തികളുണ്ട്. നടന്‍ സെയ്ഫ് അലി ഖാന്‍, അമ്മ ഷര്‍മിള ടാഗോര്‍, സഹോദരിമാരായ സോഹ, സബ അലി ഖാന്‍, പട്ടൗഡിയുടെ സഹോദരി സബിഹ സുല്‍ത്താന്‍ എന്നിവരോട് ‘ശത്രുസ്വത്ത്’ കേസില്‍ അപ്പീല്‍ അതോറിറ്റിയെ സമീപിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി (ജബല്‍പൂര്‍ ബെഞ്ച്) ഉത്തരവിട്ടിരുന്നു.

ജനുവരി 13 ന് അവസാനിച്ച കേസില്‍ 30 ദിവസത്തിനകം അപ്പീല്‍ അതോറിറ്റിക്ക് മുമ്പാകെ ഹാജരാക്കാനായിരുന്നു ജസ്റ്റിസ് വിവേക് അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ച് നടനോടും കുടുംബത്തോടും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അവകാശവാദം ഉയര്‍ത്താന്‍ കുടുംബം മുമ്പോട്ട് വന്നില്ല. ഉത്തരവിനെ ഡിവിഷന്‍ ബെഞ്ചില്‍ ചോദ്യം ചെയ്യുക മാത്രമാണ് ഇനി കുടുംബത്തിന് മുന്നിലുള്ള ഏക പോംവഴി.

അതേസമയം പട്ടൗഡി കുടുംബത്തിന് മാത്രമല്ല ഭോപ്പാലില്‍ ശത്രു സ്വത്തുള്ളത്. പാകിസ്ഥാനിലേക്ക് പോയ മറ്റ് നിരവധി ആളുകള്‍ അവരുടെ സ്വത്ത് ഇന്ത്യയില്‍ ഉപേക്ഷിച്ചാണ് പോയത്. 1968ലാണ് എനിമി പ്രോപ്പര്‍ട്ടി ആക്ട് നിലവില്‍ വന്നത്. ഇതു പ്രകാരം വിഭജനത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് പോയവര്‍ ഇന്ത്യയില്‍ ഉപേക്ഷിച്ച സ്വത്തുക്കളുടെ മേല്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമുണ്ട്. ഈ സ്വത്തുക്കള്‍ ശത്രു സ്വത്തവകാശ നിയമത്തിന് കീഴിലാണ് വരുന്നത്. സ്റ്റേ ഇല്ലാതായതോടെ നവാബ് കോംപ്ലക്സിന്റെ വസ്തുക്കള്‍ ശത്രു സ്വത്ത് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും 2015ലെ ഉത്തരവനുസരിച്ച് സര്‍ക്കാരിന് കസ്റ്റഡിയില്‍ വാങ്ങാനും കഴിയും.

നവാബ് ഹമീദുള്ള ഖാന്റെ സ്വത്തിന്റെ നിയമപരമായ അവകാശി പാക്കിസ്ഥാനിലേക്ക് പോയ മൂത്ത മകള്‍ ആബിദയാണെന്ന് 2015ല്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഈ സ്വത്ത് ശത്രു സ്വത്തവകാശ നിയമത്തിന് കീഴിലാണ് വരുന്നത്. എന്നിരുന്നാലും, നവാബിന്റെ രണ്ടാമത്തെ മകള്‍ സാജിദ സുല്‍ത്താന്റെ പിന്‍ഗാമികള്‍ എന്ന നിലയിലാണ് സെയ്ഫും ശര്‍മ്മിളാടാഗോറും സോഹ അലിഖാനുമെല്ലാം ഈ സ്വത്തിന്മേല്‍ തങ്ങളുടെ അവകാശവാദം ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *