Movie News

അര്‍ജുന്‍ റെഡ്ഡിയിലെ ആദ്യ ചോയ്‌സ് സായ് പല്ലവിയായിരുന്നു; സ്ലീവ്ലെസ് പോലും ധരിക്കില്ലെന്ന് പറഞ്ഞു

അര്‍ജുന്‍ റെഡ്ഡിയില്‍ താന്‍ നായികയായി ആദ്യം കണ്ടിരുന്നത് സായ് പല്ലവിയെ ആയിരുന്നെന്ന് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സന്ദീപ് വെംഗ റെഡ്ഡി. സായിപല്ലവിയുടെ പുതിയ സിനിമ തണ്ടേലിന്റെ പ്രീ-റിലീസ് ഇവന്റിലായിരുന്നു വെളിപ്പെടുത്തല്‍.

പ്രേമത്തില്‍ സായ് പല്ലവി അഭിനയിച്ചത് മുതല്‍ താന്‍ അവളുടെ ആരാധകനാണെന്ന് അനിമല്‍ സംവിധായകന്‍ പറഞ്ഞു. അര്‍ജുന്‍ റെഡ്ഡിയുടെ കാസ്റ്റിംഗ് വേളയില്‍ താന്‍ ആദ്യം നടിയെയാണ് മനസ്സില്‍ കണ്ടത്. സായി പല്ലവിയെക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോള്‍ അവളെ ഒഴിവാക്കാന്‍ ഉപദേശിച്ചു. ചിത്രത്തിന് ആവശ്യമായ റൊമാന്റിക് രംഗങ്ങള്‍ അവതരിപ്പിക്കുക മാത്രമല്ല, സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍ ധരിക്കാന്‍ പോലും സായി പല്ലവി ഒരിക്കലും സമ്മതിക്കില്ലെന്ന് കോര്‍ഡിനേറ്റര്‍ സൂചിപ്പിച്ചു. ഇതോടെയാണ് നടിയെ ഒഴിവാക്കിയതെന്ന് സംവിധായകന്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായി, സായി പല്ലവി തന്റെ കരിയറില്‍ ഉയര്‍ന്ന നിലവാരവും തത്വങ്ങളും എങ്ങനെ സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തണ്ടേല്‍ ഇവന്റില്‍, സായി പല്ലവി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയും ഓരോ സംവിധായകര്‍ക്കും തങ്ങളുടേതായ ശബ്ദം ഉണ്ടായിരിക്കണമെന്ന് പ്രസ്താവിക്കുകയും സന്ദീപ് റെഡ്ഡി വംഗയെ പ്രശംസിക്കുകയും ചെയ്തു.

വിജയ് ദേവരകൊണ്ടയായിരുന്നു അര്‍ജുന്‍ റെഡ്ഡിയില്‍ നായകനായത്. സിനിമ വന്‍ വിജയമാകുകയും ചെയ്തിരുന്നു. തണ്ടേല്‍ ഈ ആഴ്ച ഫെബ്രുവരി 7 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തും. നാഗചൈതന്യയാണ് സിനിമയില്‍ സായ്പല്ലവിയുടെ നായകനാകുന്നത്.