Celebrity

‘‘എന്നെ ഒരു ഇറച്ചിക്കഷണംപോലെ നോക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”-സായ് പല്ലവി

ഒരു സമയം ഒരു സിനിമ എന്ന നിലയില്‍ തന്റെ കരിയറിനെ സാവധാനത്തിലും സ്ഥിരതയിലും കൊണ്ടുപോകുന്ന അഭിനേതാക്കളില്‍ ഒരാളാണ് സായി പല്ലവി ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിക്കൊണ്ടിരിക്കുകയാണ്. അവര്‍ നായികയാകുന്ന രാമായണം വരാനിരിക്കെ ഇമേജ് കൂട്ടാന്‍ ഗ്‌ളാമര്‍ വേഷങ്ങള്‍ ചെയ്യാനോ പി.ആര്‍. ഏജന്‍സിയെ വെയ്ക്കാനോ ഒരുക്കമല്ലെന്ന് നടി.

അടുത്തിടെ ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ വെളിപ്പെടുത്തല്‍. തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ചിലര്‍ ഐഡിയയുമായി എത്തിയപ്പോഴും അവര്‍ അവഗണിച്ചു. 2015ല്‍ പ്രേമം എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശേഷം, സ്‌ക്രീനില്‍ ഒരിക്കലും ചിലതരം വസ്ത്രങ്ങള്‍ ധരിക്കില്ലെന്നും തന്നെ വെറുമൊരും മാംസപിണ്ഡമായി ആള്‍ക്കാര്‍ കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിമുഖത്തില്‍ സായി വെളിപ്പെടുത്തി.

”വളരെ മുമ്പ് ഞാന്‍ ജോര്‍ജിയയില്‍ ഒരു നൃത്ത പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതിനാവശ്യമായ വസ്ത്രധാരണരീതിയാണ് ഞാന്‍ ധരിച്ചത്. പ്രേമം റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ എന്റെ പഴയ വീഡിയോകളും ഫോട്ടോകളും പുറത്തെടുത്തു. ഈ വീഡിയോ പുറത്തുവന്നപ്പോള്‍, ആളുകള്‍ ഇതിനെക്കുറിച്ച് സംസാരിച്ചത് കാരണം എനിക്ക് അസ്വസ്ഥത തോന്നി. എന്നെ ഒരു ഇറച്ചിക്കഷണം പോലെ നോക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.” നടി പറഞ്ഞു.

മുമ്പ് ഒരു പിആര്‍ ഏജന്‍സിയെ നിയമിക്കണോ എന്ന് ‘ബോളിവുഡിലെ ഒരാള്‍’ തന്നോട് ചോദിച്ചതായും താരം പങ്കുവെച്ചു. ”സ്വയം ഉയര്‍ത്താന്‍ അതു നല്ലതാണെന്ന് അവര്‍ പറഞ്ഞു. ആദ്യം, മനസ്സിലായില്ല, എന്താണ് ചെയ്യുന്നതെന്ന് അവരോട് ചോദിച്ചു. ഞാന്‍ ലൈംലൈറ്റില്‍ ഇല്ലാത്തപ്പോള്‍ അവര്‍ എന്നെക്കുറിച്ച് എന്തെങ്കിലുമൊക്കെ വിവരങ്ങള്‍ പുറത്തുവിടുന്നതാണ് രീതിയെന്ന് അവര്‍ പറഞ്ഞു.

പക്ഷേ തനിക്ക് റോളുകള്‍ ലഭിക്കില്ലെന്നായിരുന്നു ഇതിന് സായിയുടെ മറുപടി. തന്റെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ മാത്രമേ അഭിമുഖങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുള്ളെന്നും ആളുകള്‍ നിങ്ങളെക്കുറിച്ച് സംസാരിക്കുന്നത് തുടരുമ്പോള്‍, അത് വിരസമാകുമെന്ന് തോന്നുന്നെന്നും അതിനാല്‍, അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.