രാജസ്ഥാനി നാടോടി ഗായക സംഘത്തിന്റെ സംഗീതത്തിന് ഒരു റഷ്യൻ യുവതി ചുവടുകൾ വെക്കുന്നതിന്റെ അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ മനം കീഴടക്കുന്നത്. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ച റഷ്യൻ സ്വദേശിനിയായ പോളിന അഗർവാൾ എന്ന യുവതിയാണ് രാജസ്ഥാനിലെ ഒരു പ്രാദേശിക മാർക്കറ്റിൽ നിന്നുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
വീഡിയോയിൽ പോളിന പരമ്പരാഗത നാടോടി ഗായകരുടെ ഒരു കൂട്ടവുമായി വളരെ സൗഹൃദത്തോടെ ഇടപെടുന്നതാണ് കാണുന്നത്. യുവതിയെ കണ്ടതും ഗായക സംഘം സ്വാഗതം ചെയ്യുക മാത്രമല്ല, “പോളിന ബൈസ” എന്ന് വിളിക്കുന്ന ഒരു ഗാനം യുവതിക്കുവേണ്ടി ആലപിക്കുകയും ചെയ്തു. രാജസ്ഥാനിൽ സ്ത്രീകളെ ബഹുമാനപൂർവ്വം വിളിക്കുന്ന പേരാണ് ബൈസ.
വീഡിയോയിൽ, പോളിന സംഗീതജ്ഞരെ അഭിവാദ്യം ചെയ്യുകയും അവരുടെ അരികിൽ ഇരിക്കുകയും ചെയ്യുന്നത് കാണാം. അവർ അവളുടെ പേര് ചോദിക്കുകയും “അവളുടെ ശബ്ദം മധുരമാണ്, അവളുടെ പുഞ്ചിരി മനോഹരമാണ്, അവൾ സ്വയം പ്രകാശിപ്പിക്കുന്നു” തുടങ്ങിയ അർത്ഥം വരുന്ന ഗാനം പാടുകയും ചെയ്യുന്നു.
ഈ സമയം തനിക്കായി സമർപ്പിച്ച സംഗീതത്തിൽ അവൾ നൃത്തം ചെയ്യാൻ തുടങ്ങുകയും ഗായകർ താളത്തിൽ ഗാനം തുടരുകയും ചെയ്യുന്നു. “രാജസ്ഥാനി മാർക്കറ്റിലെ വെറുമൊരു റഷ്യൻ പെൺകുട്ടി” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്, ഇൻസ്റ്റാഗ്രാമിൽ ഇതിനകം നാല് ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. ഒരാൾ കുറിച്ചു “അവർ നിങ്ങൾക്കായി മികച്ച ഗാനം തിരഞ്ഞെടുത്തു. വരികളും നൃത്തവും എനിക്ക് ഇഷ്ടപ്പെട്ടു, പോളിന ബൈസ”. മറ്റൊരാൾ പറഞ്ഞത്, “എന്റെ നാട്ടിലേക്ക് സ്വാഗതം” എന്നാണ്.
തുടർന്നുള്ള ഒരു പോസ്റ്റിൽ, പോളിന തന്റെ ഉല്ലാസയാത്രയുടെ മറ്റൊരു വീഡിയോയാണ് പങ്കിട്ടത്. ഇത്തവണ അമ്മായിയമ്മയോടൊപ്പം മാർക്കറ്റ് ചുറ്റിക്കറങ്ങുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. പോളിന വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. പാകിസ്ഥാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞുകൊണ്ട് അവർ നേരത്തെ ഒരു ഹൃദയംഗമമായ പോസ്റ്റ് പങ്കിട്ടിരുന്നു.




