ജലജീവികളുടെ ആക്രമണങ്ങൾ പലപ്പോഴും പ്രവാചനാതീതമാണ്. ഏതു നിമിഷം വേണമെങ്കിലും അവയുടെ ആക്രമണം നേരിടാം. ഇവയുമായി സമ്പർക്കം പുലർത്തേണ്ട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് പലപ്പോഴും ആക്രമണങ്ങൾ നേരിടേണ്ടി വരാറുണ്ട്. അതിനാൽ ജീവന് ഭീഷണിയാകുന്ന ഇത്തരം സാഹചര്യങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത് ആവശ്യമാന്നെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോ.
ചൈനയിലെ സിഷുവാങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാർക്ക് അക്വേറിയത്തിൽ മത്സ്യകന്യകാ പ്രകടനത്തിനിടെ റഷ്യൻ അവതാരകയായ മാഷയെ ഭീമൻ മത്സ്യം ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. 22കാരിയായ യുവതി ഒരു മത്സ്യകന്യകയായി ഒരു അക്വേറിയത്തിനുള്ളിൽ പ്രകടനം നടത്തുമ്പോൾ, ഒരു ഭീമൻ മത്സ്യം അവളുടെ മുഖത്തിനടുത്തേക്ക് വായ പിളർന്ന് വരുകയും വിഴുങ്ങാൻ എന്ന ഭാവത്തോടെ അവളുടെ തലയുടെ ഭാഗം വായ്ക്കുള്ളിലാക്കാൻ ശ്രമിക്കുന്നതുമാണ് കാണുന്നത്. സംഭവം നേരിൽ കണ്ടുനിന്ന സന്ദർശകരെ പരിഭ്രാന്തിയിലാക്കി.
എന്നാൽ തന്റെ നൃത്തം തുടർന്നുകൊണ്ടു തന്നെ മാഷ മത്സ്യത്തിന്റെ വായിൽ നിന്ന് തെന്നിമാറി അത്ഭുതകരമായി രക്ഷപ്പെട്ടു. ഏതായാലും വീഡിയോ പലരെയും ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണത്തെത്തുടർന്ന് “ധാർമ്മിക നഷ്ടപരിഹാരമായി” മാഷയ്ക്ക് ഉടൻ തന്നെ 96 യുഎസ് ഡോളർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പ്രസ്താവിച്ചു.