എല്ലാ ഇൻഡസ്ട്രികളിലും ഭാഷ വ്യത്യാസങ്ങൾ മറികടന്ന് സെലിബ്രിറ്റികൾ പങ്കു വച്ചിട്ടുള്ള ദുരനുഭവമാണ് കാസ്റ്റിംഗ് കൗച്ച്. ഇതിനകം നിരവധി താരങ്ങള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. പുതിയ താരങ്ങളെയാണ് ഇത്തരക്കാര്‍ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെ മുൻനിര നായികമാര്‍ പലരും തുടക്കകാലത്ത് ഇത്തരം അനുഭവങ്ങള്‍ ഉള്ളവരാണ്. കാസ്റ്റിങ് കൗച്ച് കാരണം സിനിമ വിട്ടവരും, സിനിമയില്‍ നിന്ന് അകലം പാലിച്ചവരുമായ താരങ്ങളും നിരവധിയാണ്. അക്കൂട്ടത്തിൽ ഒരാളാണ് നടി രൂപാലി ഗാംഗുലി.
ഹിന്ദി സീരിയല്‍ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് രൂപാലി. ഇപ്പോൾ സീരിയലുകളിലാണ് രൂപാലി ഉള്ളതെങ്കിലും 1985ല്‍ സാഹേബ് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് രൂപാലിയുടെ അരങ്ങേറ്റം.സിനിമാ കുടുംബത്തില്‍ നിന്നുള്ള നടിയാണ് രൂപാലി. ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകൻ അനില്‍ ഗാംഗുലിയുടെ മകളാണ് താരം. അതുകൊണ്ട് തന്നെ താൻ സിനിമയില്‍ എത്താത്തത് പലരും പരാജയമായി കണ്ടിരുന്നെന്ന് രൂപാലി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മിനിസ്‌ക്രീനില്‍ ഇത്ര വിജയകരമായ കരിയര്‍ ഉണ്ടായിട്ടും സിനിമയില്‍ നിന്നും അകലം പാലിച്ചതിനെ കുറിച്ച് മനസുതുറക്കുകയാണ് താരം. അന്ന് വിഷമം തോന്നിയെങ്കിലും ഇന്ന് അഭിമാനമുണ്ടെന്നും താരം പറയുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താൻ കരിയറില്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് താരം മനസു തുറന്നത്.
“കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതോടെയാണ് സിനിമയില്‍ അഭിനയിക്കാനുള്ള മോഹം ഞാൻ ഉപേക്ഷിച്ചത്.സിനിമകളില്‍ ഞാൻ നന്നായി ചെയ്യാത്ത ഒരു കാലമുണ്ടായിരുന്നു, അത് എന്റെ ചോയ്‌സായിരുന്നു. കാരണം ആ സമയത്ത് ഇൻഡസ്ട്രിയില്‍ കാസ്റ്റിംഗ് കൗച്ച് നിലനിന്നിരുന്നു. ചിലര്‍ക്കു അനുഭവമുണ്ടാകില്ല. എന്നാല്‍ എന്നെപ്പോലുള്ള ആളുകള്‍ അത് അനുഭവിച്ചിട്ടുണ്ട്. അതോടെ സിനിമ വേണ്ടെന്ന് തീരുമാനിച്ചു. ഞാൻ സ്വപ്നം കണ്ടതെല്ലാം സീരിയലിലൂടെ ലഭിച്ചു. അനുപമ എന്ന പരമ്പര എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അതിന് ഞാൻ എന്റെ അച്ഛനോടും ദൈവത്തോടും കടപ്പെട്ടിരിക്കുന്നു…” രൂപാളി പറയുന്നു. 2000ല്‍ സുകന്യ എന്ന സീരിയലിലൂടെയാണ് രൂപാലി ടെലിവിഷൻ രംഗത്തെത്തുന്നത്. തുടര്‍ന്ന് സാരാഭായ് വേഴ്സസ് സാരാഭായ്, പര്‍വാരിഷ്-കുച്ച് ഖട്ടേ കുച്ച് മീത്തി, കഹാനി ഘര്‍ ഘര്‍ കി, ബാ ബഹൂ ഔര്‍ ബേബി തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു മാറുകയായിരുന്നു.
ഇരുപത്തിനടുത്ത് പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള രൂപാലി കരിയറില്‍ ആകെ ചെയ്തിട്ടുള്ളത് മൂന്നോ നാലോ സിനിമകള്‍ മാത്രമാണ്. നിലവില്‍ അനുപമ എന്ന സീരിയലിലൂടെ ഏറെ പ്രശംസ നേടുകയാണ് രൂപാലി. മകൻ രുദ്രാൻഷ് ജനിച്ച ശേഷം രൂപാലി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. അതിനു ശേഷമെടുത്ത ഇടവേളയെക്കുറിച്ചും അനുപമ എന്ന പരമ്പരയിൽ അഭിനയിച്ച ശേഷം ബോഡി ഷെയിമിങ് കേള്‍ക്കേണ്ടി വന്നതിനെ കുറിച്ചും അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ രൂപാലി സംസാരിച്ചിരുന്നു.
“അനുപമയ്ക്ക് ശേഷം ഞാൻ ബോഡി ഷെയ്മിങ്ങിലൂടെയും ഏജ് ഷെയിമിങ്ങിലൂടെയും കടന്നുപോയി. നിന്റെ ചുളിവുകള്‍ കാണുന്നുണ്ടോ, തടിച്ചവളേ എന്നൊക്കെയാണ് ചിലര്‍ വിളിച്ചത്, അതെ എനിക്ക് ചുളിവുകള്‍ ഉണ്ട്, അതില്‍ ഞാൻ അഭിമാനിക്കുന്നു. ഞാൻ ഇന്ന് എന്താണോ അതില്‍ അഭിമാനിക്കുന്നു.പ്രസവശേഷം തിരിച്ചുവരുമ്പോൾ ഞാൻ ഒരുപാട് വെല്ലുവിളികൾ നേരിട്ടു. ഇൻഡസ്ട്രി ആഗ്രഹിക്കുന്നത് പോലൊരു ശരീരമില്ലാതെ നാല്പതുകളില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ എനിക്ക് അതിന് സാധിച്ചു…” രൂപാലി പറഞ്ഞു.