Sports

‘ഇന്ത്യക്കായി ഞാന്‍ ക്രിക്കറ്റ് കളിച്ച അവസാന ദിവസം’; 2019 സെമിയില്‍ റണ്ണൗട്ടായപ്പോഴേ താനും പുറത്തായെന്ന് ധോണി

2019 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ പുറത്തായപ്പോള്‍ തന്നെ താനും ഏകദിന ക്രിക്കറ്റില്‍ നിന്നും പുറത്തായെന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ മഹേന്ദ്രസിംഗ് ധോണി. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

ആ മാഞ്ചസ്റ്ററില്‍ ആ മത്സരം നടന്ന സായാഹ്നത്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലായിരുന്നു ധോണിയെ റണ്ണൗട്ടാക്കിയത്. പവലിയനിലേക്ക് മടങ്ങുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ സമയം അവസാനിച്ചുവെന്ന് ഈ നിമിഷത്തിലാണ് തനിക്ക് വ്യക്തമായതെന്ന് ധോണി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

”എന്നെ സംബന്ധിച്ചിടത്തോളം, ഇന്ത്യക്കായി ഞാന്‍ ക്രിക്കറ്റ് കളിച്ച അവസാന ദിവസമായിരുന്നു അത്. ഒരു വര്‍ഷത്തിന് ശേഷം സാങ്കേതികമായി ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചുവെങ്കിലും എന്നാല്‍ ആ ദിവസം ഞാന്‍ വിരമിച്ചു എന്നതാണ് വസ്തുത.” താരം പറഞ്ഞു. ”കഴിഞ്ഞ 12 അല്ലെങ്കില്‍ 15 വര്‍ഷത്തിനിടയില്‍ നിങ്ങള്‍ ചെയ്ത ഒരേയൊരു കാര്യം ക്രിക്കറ്റ് കളിക്കുക മാത്രമാണ്, അപ്പോള്‍ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ഇനി അവസരമില്ലെന്ന് നിങ്ങള്‍ക്കറിയാം.” അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്‍ ധോണി 2020 ഓഗസ്റ്റില്‍ അന്താരാഷ്ട്ര വിരമിക്കല്‍ പ്രഖ്യാപിച്ചുവെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ രാജ്യത്തുടനീളമുള്ള സ്റ്റേഡിയങ്ങളില്‍ അദ്ദേഹത്തിനായി ആരാധകര്‍ വലിയ തോതില്‍ തടിച്ചുകൂടുന്നു. കഴിഞ്ഞ സീസണില്‍ അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ചാം കിരീട വിജയത്തിലേക്ക് നയിക്കാന്‍ ധോണിക്കായിരുന്നു.