മെയ് 15 വ്യാഴാഴ്ച കൗശാമ്പി ജില്ലയിലെ ദേശീയപാതയിൽ നൂറുകണക്കിന് 500 രൂപ നോട്ടുകൾ റോഡിന് കുറുകെ പറന്നു താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നോട്ടുകൾ പാറിപ്പറക്കുന്നതുകണ്ട് ആളുകൾക്കിടയിൽ ഒരേസമയം പരിഭ്രാന്തിയും അമ്പരപ്പും നിറഞ്ഞു.
“പണമഴ” പോലെയായിരുന്നു ആ കാഴ്ചയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു, ഇത് വഴിയാത്രക്കാരെയും നാട്ടുകാരെയും സംഭവസ്ഥലത്തേക്ക് ഓടിയെത്തിക്കുകയും കഴിയുന്നത്ര നോട്ടുകൾ ശേഖരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ചിലർ ഗതാഗതത്തിനിടയിൽ ജീവൻ പോലും പണയപ്പെടുത്തിയാണ് പണം വാരാൻ ഓടിയെത്തിയത്.
വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് ആഡംബര ബസിൽ യാത്ര ചെയ്യുകയായിരുന്ന ഭാവേഷ് എന്ന ബിസിനസുകാരൻ ഉൾപ്പെട്ട സംഭവത്തെ തുടർന്നാണ് റോഡിൽ പണം വന്നതെന്നാണ് റിപ്പോർട്ട്. പോലീസിന്റെ പ്രാഥമിക വിവരമനുസരിച്ച്, റോഡരികിലെ ഒരു ധാബയിൽ ഭക്ഷണം കഴിക്കാൻ ഭാവേഷ് ബസിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു കൂട്ടം അക്രമികൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ബാഗുമായി ഓടിപ്പോകുകയായിരുന്നു. അതിൽ 8-10 ലക്ഷം രൂപയോളം ഉണ്ടായിരുന്നതായിട്ടാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
ബാഗുമായി അക്രമികൾ രക്ഷപ്പെടുന്നതിനിടെ പണത്തിന്റെ ഒരു ഭാഗം റോഡിലേക്ക് വീണതാകാം ഈ സംഭവത്തിനു പിന്നില്‍. ഇത് വലിയ ബഹളത്തിനു കാരണമാകുകയായിരുന്നു. “ഏകദേശം ഒന്നര ലക്ഷം രൂപയോളമാണ് ഹൈവേയിൽ ചിതറിക്കിടക്കുന്നതായി കാണപ്പെട്ടത്,” കോഖ്‌രാജ് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് ആസൂത്രിതമായ കവർച്ചയാണോ എന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെപെട്ടെന്നാണ് വൈറലായത്. ചിതറിക്കിടക്കുന്ന കറൻസി നോട്ടുകൾ ശേഖരിക്കാൻ റോഡിൽ തിരക്കുകൂട്ടുന്ന നിരവധി ആളുകളെയാണ് വീഡിയോയിൽ കാണുന്നത്. പലരും വ്യത്യസ്ത ദിശകളിലേക്ക് ഓടുന്നതും, ചിലർ ഓടുന്ന വാഹനങ്ങളിൽ നിന്ന് ചാടുന്നതുമാണ് കാണുന്നത്.
വിവരം അറിഞ്ഞ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും ബിസിനസുകാരനെ ചോദ്യം ചെയ്യുകയും ചെയ്തു. ഏതായാലും അന്വേഷണത്തിന്റെ ഭാഗമായി ധാബയിലും പരിസര പ്രദേശങ്ങളിലും നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.