ലഹരിസംഘം നടത്തിപ്പുകാരിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഡല്‍ഹി പോലീസ് പിടിച്ചെടുത്തു. സുല്‍ത്താന്‍പുരിയുടെ ‘മയക്കുമരുന്നു റാണി’ എന്ന് പോലീസ് വിശേഷിപ്പിക്കുന്ന കുസുമി(40)ന്റെ അഞ്ചുകോടിയോളം രൂപ വിലമതിക്കുന്ന വസ്‌തുവകകളാണ് കണ്ടുകെട്ടിയത്. മയക്കുമരുന്ന് കേസില്‍ കുസുമിന്റെ മകനെ പോലീസ് അടുത്തിടെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് കണ്ടുകെട്ടല്‍ നടപടികള്‍.
സുല്‍ത്താന്‍പുരിയും വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രധാന ലഹരിസംഘത്തിന്റെ നടത്തിപ്പുകാരിയാണ് കുസും എന്ന് പോലീസ് പറഞ്ഞു. 12 എന്‍.ഡി.പി.എസ് കേസുകളില്‍ പ്രതിയാണ് ഇവര്‍. അതേസമയം, കഴിഞ്ഞ മാര്‍ച്ച് മുതല്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും കുസും ഇപ്പോഴും ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ റെയ്‌ഡില്‍ കുസുമിന്റെ മകന്‍ അമിത്തിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളില്‍നിന്ന് 550 പാക്കറ്റ് ഹെറോയിനും ലഹരിഗുളികകളും 14 ലക്ഷം രൂപയും ഒരു കാറും പിടിച്ചെടുത്തു. ഇതിനുപിന്നാലെ കുസുമിന്റെ രണ്ട് പെണ്‍മക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഈ അന്വേഷണത്തില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് കണ്ടെത്തിയത്.
വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നും കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ രണ്ടുകോടി രൂപയാണ് കുസുമിന്റെ പെണ്‍മക്കളുടെ അക്കൗണ്ടുകളിലെത്തിയിരുന്നത്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മാത്രം 70 ലക്ഷം രൂപയാണ് ഇവര്‍ക്ക് വിവിധ അക്കൗണ്ടുകളില്‍നിന്നും അയച്ചുകിട്ടിയത്.
ഇതെല്ലാം ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട പണമിടപാടുകളാണെന്നും പെണ്‍മക്കള്‍ക്ക് പണത്തിന്റെ സ്രോതസ്സ് വ്യക്‌തമാക്കാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഡല്‍ഹിയിലെ ലഹരിശൃംഖലയിലെ മുഖ്യകണ്ണിയായ കുസുമിനെതിരേ നടപടികള്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിലേക്കും പോലീസ് നീങ്ങിയത്. എട്ട് വസ്‌തുവകകളാണ് പോലീസ് കഴിഞ്ഞദിവസം കണ്ടുകെട്ടിയത്. ഇതില്‍ ഏഴെണ്ണവും സുല്‍ത്താന്‍പുരിയിലും ഒരെണ്ണം രോഹിണി രോഹിണി സെക്‌ടര്‍ 24-ലുമാണ്.
സുല്‍ത്താന്‍പുരിയില്‍ കുസുമിന്റെ പേരില്‍ ഒരു ‘ചെറിയ കൊട്ടാരം’ തന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്. നാല് വ്യത്യസ്‌ത വീടുകള്‍ വാങ്ങി അതിനിടയിലെ ചുമരുകള്‍ നീക്കംചെയ്‌താണ് ഈ ‘കൊട്ടാരം’ തീര്‍ത്തിരുന്നത്. പുറത്തുനിന്ന് നോക്കിയാല്‍ ഇതൊരു വലിയ വീടാണെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. എന്നാല്‍, വീടിനകത്ത് വലിയ സൗകര്യങ്ങളടക്കം സജ്‌ജീകരിച്ചിരുന്നതായും പോലീസ് പറഞ്ഞു.




