Lifestyle

ഒരു ചായയ്ക്ക് മുംബൈയില്‍ 1000 രൂപ! എന്‍ആര്‍ഐ ആയിട്ടും ഞാന്‍ പണത്തിന് ബുദ്ധിമുട്ടിയെന്ന് ട്രാവല്‍ വ്‌ളോഗര്‍

ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ യാത്രാ വ്ലോഗറും റേഡിയോ അവതാരകനുമായ പരീക്ഷിത് ബലോചി, ഇന്ത്യയിലെ വർധിച്ചുവരുന്ന ജീവിതച്ചെലവിലെ അതിശയം പങ്കുവെച്ചുകൊണ്ട് ഓൺലൈനിൽ ഇട്ട പോസ്റ്റ് വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, അടിസ്ഥാനപരമായ സാധനങ്ങൾ പോലും എത്രത്തോളം വിലകൂടിയതായി എന്ന് ബലോചി അതിശയത്തോടെ പറഞ്ഞു.

മുംബൈയിലെ ഒരു ഹോട്ടലില്‍ ഒരു കപ്പ് ചായയ്ക്ക് 1000 രൂപ നല്‍കേണ്ടി വന്ന അനുഭവമാണ് പരീക്ഷിത് ഉദാഹരണമായി വീഡിയോയില്‍ പറയുന്നത്. ‘ഒരു എന്‍ആര്‍ഐ ആയതിനാല്‍ ഇന്ത്യയില്‍ എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദിര്‍ഹത്തിലാണ് ഞാന്‍ ശമ്പളം വാങ്ങുന്നത്. ഇന്ത്യയില്‍ അതിനാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് കരുതി. എന്നാല്‍ എല്ലാം മാറിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്.’-പരീക്ഷിത് പറയുന്നു.

ഒരാഴ്ച്ച മുമ്പ് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ അഞ്ചര ലക്ഷം പേരാണ് കണ്ടത്. സമാനമായ അനുഭവം പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. എല്ലാ വര്‍ഷവും മുംബൈ സന്ദര്‍ശിക്കുമ്പോള്‍ അവിടം ദുബായ് പോലെ ചെലവേറിയതാണെന്ന് മനസിലാക്കുമ്പോള്‍ താന്‍ ഞെട്ടാറുണ്ടെന്ന് ഒരാള്‍ കുറിച്ചു. ഒടുവില്‍ ഒരാള്‍ അത് തുറന്നുപറഞ്ഞുവെന്നും ഇന്ത്യയില്‍ വന്നതിനുശേഷം ഒരു ദരിദ്രനെപ്പോലെ തനിക്ക് മാത്രമാണ് തോന്നിയതെന്നാണ് കരുതിയിരുന്നതെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

‘ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും എനിക്കിത് അനുഭവപ്പെടാറുണ്ട്. ഞാന്‍ ഡോളറിലാണ് സമ്പാദിക്കുന്നത്. അതിനാല്‍ എനിക്കിത് താങ്ങാന്‍ കഴിയും. പക്ഷേ നാട്ടുകാര്‍ എങ്ങനെ ഇത് കൈകാര്യം ചെയ്യുന്നു? ഇത്രയും പണം എല്ലാവര്‍ക്കും എവിടെ നിന്ന് ലഭിക്കുന്നു? അതെങ്ങനെയാണെന്ന് എനിക്കറിയാമായിരുന്നെങ്കില്‍ ഞാന്‍ ഇന്ത്യ വിടുമായിരുന്നില്ല!’-ഒരു ഉപയോക്താവ് കുറിച്ചു.