Featured Sports

രോഹിത്തിന് നമ്പർ വൺ ‘യോഗം’ 22 ദിവസം മാത്രം;‍ ഇനി പുതിയ അവകാശി; ചരിത്രംകുറിച്ച് ഡാരില്‍ മിച്ചല്‍

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു മിച്ചലിന്റെ കുതിപ്പ്.

ഗ്ളെന്‍ ടര്‍ണറിനു ശേഷം ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ന്യൂസിലന്‍ഡ് ബാറ്ററാണ്. 1979 ലാണു ടര്‍ണര്‍ ഒന്നാം റാങ്കിലെത്തിയത്. മാര്‍ട്ടിന്‍ ക്രോ, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ തുടങ്ങിയ ഗംഭീര ബാറ്റര്‍മാര്‍ ആദ്യ അഞ്ചിലെത്തിയിരുന്നെങ്കിലും ടര്‍ണറുടെ പിന്‍ഗാമിയാകാന്‍ മിച്ചലിനു മാത്രമാണു കഴിഞ്ഞത്. വെസ്റ്റിന്‍ഡീസിനെതിരേ ഞായറാഴ്ച നടന്ന മത്സരത്തില്‍ സെഞ്ചുറിയടിച്ചതാണു മിച്ചലിനു ഗുണമായത്. താരത്തിന്റെ ഏകദിനത്തിലെ ഏഴാം സെഞ്ചുറിയായിരുന്നു അത്. മത്സരത്തിനിടെ പരുക്കേറ്റതോടെ മിച്ചലിനെ ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നു.

22 ദിവസം മാത്രമാണു രോഹിത് ശര്‍മ ഒന്നാം സ്ഥാനത്തിരുന്നത്. 781 പോയിന്റുള്ള രോഹിതിനെ ഒരു പോയിന്റ് വ്യത്യാസത്തിലാണു മിച്ചല്‍ മറികടന്നത്. വിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ മിച്ചല്‍ 118 പന്തില്‍ 119 റണ്ണെടുത്തിരുന്നു. താരത്തിന്റെ ഈ പ്രകടനം ന്യൂസിലന്‍ഡിന്റെ ജയത്തില്‍ നിര്‍ണായകമായി. ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ മികച്ച പ്രകടനങ്ങളുടെ മികവിലാണ് രോഹിത് ശര്‍മ ഒന്നാം സ്ഥാനത്തെത്തിയത്. പരമ്പരയില്‍ താരം ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും അടിച്ചിരുന്നു.

ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ നായകന്‍ തെംബ ബാവുമ മുന്നേറി. കരിയറില്‍ ആദ്യമായി ബാവുമ ആദ്യ അഞ്ചിലെത്തി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യക്കെതിരേ നടന്ന ഒന്നാം ടെസ്റ്റില്‍ ബാവുമയുടെ മികവിലാണു ദക്ഷിണാഫ്രിക്ക ജയിച്ചത്. 15 വര്‍ഷത്തിനു ശേഷം ആദ്യമായാണു ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ഒരു ടെസ്റ്റ് ജയിക്കുന്നത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാമത്. സഹതാരം ഹാരി ബ്രൂക് പിന്നാലെയുണ്ട്.