Sports

രോഹിത് മാത്രമല്ല രഞ്ജിയില്‍ പൊട്ടിയത്; ഇന്ത്യന്‍ ടീമിലെ ഈ സൂപ്പര്‍താരങ്ങള്‍ക്കും രക്ഷയുണ്ടായില്ല…!

ഇത്തവണത്തെ രഞ്ജിട്രോഫിയുടെ ഏറ്റവും വലിയ ഗൗരവം ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും കളിക്കാനിറങ്ങുന്നു എന്നതായിരുന്നു. എന്നാല്‍ മിക്ക ടീമിലെയും ഇന്ത്യന്‍ താരങ്ങള്‍ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ ചെറിയ സ്‌കോറുമായി കൂടാരം കയറുന്നത് കണ്ടു. മൂംബൈയ്ക്ക് വേണ്ടി രോഹിത്ശര്‍മ്മയും ഡല്‍ഹിക്ക് വേണ്ടി ഋഷഭ് പന്തും പഞ്ചാബിന് വേണി ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും രഞ്ജി കളിക്കാനിറങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ദീര്‍ഘനാളുകള്‍ക്ക് ശേഷം സംസ്ഥാനത്തിന് കളിക്കാനിറങ്ങിയപ്പോള്‍ ഫോം കണ്ടെത്താനായില്ല.

വ്യാഴാഴ്ച മുംബൈയും ജമ്മു കശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി ഏറ്റുമുട്ടലില്‍ വെറും 3 റണ്‍സിന് പുറത്തായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മയായിരുന്നു കുറഞ്ഞ സ്‌കോറിന് വീണവരിലും മുന്നിലുള്ളത്. മോശം ഫോമില്‍ തുടരുന്ന രോഹിതിനെ ആഭ്യന്തരക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ ദൗര്‍ഭാഗ്യത്തിന്റെ ഭൂതം പിടികൂടി. 2015 ന് ശേഷം തന്റെ ആദ്യ രഞ്ജി മത്സരം കളിച്ച രോഹിത് 19 പന്തുകള്‍ നേരിട്ട് വെറും മൂന്ന് റണ്‍സിന് പുറത്തായി. ജമ്മു കശ്മീര്‍ ബൗളര്‍മാരുടെ ബൗണ്‍സറുകള്‍ക്കെതിരെ തികച്ചും അസ്വസ്ഥനായിരുന്നു.

ഫാസ്റ്റ് ബൗളര്‍ ഉമര്‍ നസീര്‍ മിര്‍ ആണ് ലോകോത്തര ബാറ്റ്‌സ്മാനെ പുറത്താക്കിയത്. മിറിന്റെ ഒരു ഷോര്‍ട്ട് ഓഫ് ലെങ്ത് ഡെലിവറിയില്‍ രോഹിതിന് പിഴച്ചു. യുധ്വിര്‍ സിംഗിന്റെ കയ്യിലെത്തി. രോഹിതിന് മുമ്പേ പവലിയനിലേക്ക് മാര്‍ച്ച് ആരംഭിച്ചത് ഇന്ത്യയുടെ യുവ ഓപ്പണറായ യശ്വസ്വീ ജെയ്‌സ്‌വാള്‍ ആയിരുന്നു. എട്ടു പന്ത് നേരിട്ട് നാലു റണ്‍സ് എടുത്തു മടങ്ങി. ആഖ്വിബ് നബിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഇന്ത്യന്‍ ടീമിലെ ഏറ്റവും വേണ്ടപ്പെട്ട യുവതാരങ്ങളായ ശ്രേയസ് അയ്യരും പിന്നാലെയുണ്ടായിരുന്നു 11 റണ്‍സായിരുന്നു ശ്രേയസ് അയ്യരുടെ സമ്പാദ്യം. യുധ്‌വീര്‍ സിംഗിന്റെ പന്തില്‍ ഉമര്‍ നസീര്‍ മിറിന് ക്യാച്ച് നല്‍കി മടങ്ങി. ഇന്ത്യയുടെ ടി20 ബാറ്റര്‍ ശിവം ദുബേ പൂജ്യത്തിനാണ് പുറത്തായത്. ഉമര്‍നസീര്‍ മിര്‍ കനയ്യാ വാദ്ധ്വാന്റെ കയ്യിലെത്തിച്ചു. നായകന്‍ അജിങ്ക്യാരഹാനെ 12 റണ്‍സുമായി മടങ്ങി.

രഞ്ജി ട്രോഫിയുടെ ആറാം റൗണ്ടില്‍ ഓപ്പണിംഗ് ഡേ നിരാശകളുടെ പട്ടികയില്‍ റിഷഭ് പന്തും ചേര്‍ന്നു. ഡല്‍ഹിക്ക് വിജയം അനിവാര്യമായ മത്സരത്തില്‍ 10 പന്തില്‍ ഒരു റണ്‍സ് മാത്രമാണ് പന്ത് നേടിയത്. 27 കാരനായ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ 2017 ഡിസംബറിന് ശേഷം തന്റെ ആദ്യ രഞ്ജി ട്രോഫി മത്സരം കളിക്കുകയായിരുന്നു. ഡല്‍ഹിയുടെ നായകസ്ഥാനം വെച്ചു നീട്ടിയെങ്കിലും പന്ത് നിരസിച്ചിരുന്നു. ഇന്ന് രാവിലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയ കൂട്ടത്തില്‍ ശുഭ്മാന്‍ ഗില്ലും ഉള്‍പ്പെട്ടു. കര്‍ണാടക ബൗളര്‍ അഭിലാഷ് ഷെട്ടിയുടെ പന്തില്‍ വെറും എട്ടു പന്തില്‍ നാലു റണ്‍സുമായാണ് പഞ്ചാബിന്റെ നായകന്‍ കൂടിയായ ശുഭ്മാന്‍ ഗില്‍ പുറത്തായത്.

Leave a Reply

Your email address will not be published. Required fields are marked *