ജയ്‌പുര്‍: സിക്കിമിനെതിരേ നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് എലൈറ്റ് സി ഗ്രൂപ്പ് മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി മുംബൈ.
ജയ്‌പൂരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സിക്കിം ഏഴ് വിക്കറ്റിന് 236 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത മുംബൈ 31-ാം ഓവറില്‍ ലക്ഷ്യം കടന്നു. ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് (94 പന്തില്‍ ഒന്‍പത് സിക്‌സറും 18 ഫോറുമടക്കം 155) മുംബൈയുടെ ജയം അനായാസമാക്കിയത്. ലിസ്‌റ്റ് എ ക്രിക്കറ്റില്‍ രോഹിത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചറി കൂടിയാണിത്. 62 പന്തിലാണു രോഹിത് മൂന്നക്കം കടന്നത്.
ഓപ്പണിംഗ് വിക്കറ്റില്‍ അംഗ്രിഷ് രഘുവംശിയുമായി (38) 141 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കിയ രോഹിത് സിക്കിം ബൗളര്‍മാരെ നിലംപരിശാക്കി. മുഷീര്‍ ഖാന്‍ (26 പന്തില്‍ 27), സര്‍ഫ്രാസ് ഖാന്‍ (എട്ട്) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌്്. ടോസ് നേടിയ സിക്കിം നായകന്‍ ലീ യങ് ലെപ്‌ച ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 87 പന്തില്‍ 79 റണ്ണെടുത്ത ആശിഷ് ഥാപ്പയാണ് സിക്കിമിന്റെ ടോപ്പ് സ്‌കോറര്‍.
ഓപ്പണര്‍ സായ് സാത്വിക് (34), ക്രാന്തി കുമാര്‍ (34), റോബിന്‍ ലംബോ (31) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു. 15 വൈഡുകളെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ 21 അധിക റണ്‍ വിട്ടുകൊടുത്തു. ശാര്‍ദൂല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റും തുഷാര്‍ ദേശ്‌പാണ്ഡെ, തനുഷ് കോടിയാന്‍, ഷാംസ് മുലാനി, മുഷീര്‍ ഖാന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. വിജയ് ഹസാരെയില്‍ സെഞ്ചുറിയടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണു രോഹിത് ശര്‍മ. 38 വര്‍ഷവും 238 ദിവസവും പ്രായമുള്ളപ്പോഴാണു രോഹിത് സെഞ്ചുറിയടിക്കുന്നത്. ബംഗാളിന്റെ അനുസ്‌പത് മജുംദാര്‍ 39-ാം വയസില്‍ നേടിയ സെഞ്ചുറിയാണു മുന്നില്‍. മുംബൈയ്‌ക്കായി ഷാര്‍ദുല്‍ ടാക്കൂര്‍ രണ്ട് വിക്കറ്റും തുഷാര്‍ ദേശ്‌പാണ്ഡെ ഒരു വിക്കറ്റും വീഴ്‌ത്തി. രോഹിത് പുറത്തായ ശേഷം മുഷീര്‍ ഖാനും (27) സര്‍ഫറാസ് ഖാനും (8) ചേര്‍ന്ന് മുംബൈയുടെ വിജയം പൂര്‍ത്തിയാക്കി.




