ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ ടീം ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മ്മ ടീമിന്റെ അവിഭാജ്യ ഘടകം അല്ലാതായി മാറിയിട്ടുണ്ട്. ദുബായില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റാല്‍ രോഹിത് ഏകദിനത്തില്‍ നിന്നും വിരമിക്കുമോ എന്ന തരത്തില്‍ ഒരു ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നുണ്ട്.
രണ്ട് മാസം കൂടി കഴിഞ്ഞാല്‍ രോഹിത്തിന് 38 വയസ്സ് തികയും. 2024 ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് ഫോര്‍മാറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യയുടെ അടുത്ത പ്രധാന ഏകദിന ടൂര്‍ണമെന്റ് 2027 ലെ ലോകകപ്പാണ്. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കും അടുത്ത ലോകകപ്പിനും ഇടയില്‍ ടീം പരിവര്‍ത്തനത്തിന് വിധേയമാകണമെന്ന് ഒരു കാഴ്ചപ്പാടുണ്ട്.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റാല്‍ രോഹിത് വിരമിച്ചേക്കാമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ വിജയിച്ചാല്‍ രോഹിത്തിന്റെ തീരുമാനത്തെക്കുറിച്ച് വ്യക്തതയില്ലെന്നും രോഹിത് ഏകദിനങ്ങളില്‍ മാത്രം തുടരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കപ്പടിച്ചാല്‍ അതിന് പിന്നാലെ ഏകദിനത്തില്‍ മാത്രം തുടരാനുള്ള തീരുമാനം കൂടി താരം എടുത്തേക്കാന്‍ സാധ്യതയുണ്ട്.
ക്യാപ്റ്റന്‍സി ഹാര്‍ദിക് പാണ്ഡ്യയോ ശുഭ്മാന്‍ ഗില്ലോ പോലെയൊരു യുവതാരത്തിന് കൈമാറിയേക്കാനും സാധ്യതയുണ്ട്. അതേസമയം രോഹിത്തിന്റെ ബാറ്റിംഗ് ഫോം വീണ്ടും സംശയത്തിന്റെ നിഴലിലാണ്. ദൈര്‍ഘ്യമേറിയ ഇന്നിംഗ്‌സുകള്‍ കളിക്കുന്നതില്‍ അദ്ദേഹം ഇപ്പോള്‍ തന്നെ പരാജയമാണെന്ന് ക്രിക്കറ്റ് വിദഗ്ദ്ധര്‍ പറയുന്നു. ടീം ഇന്ത്യയ്ക്ക് ശക്തമായ തുടക്കം നല്‍കാറുള്ള രോഹിത്ശര്‍മ്മ ചാമ്പ്യന്‍സ് ട്രോഫിയിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ ബംഗ്ലാദേശിനെതിരെ ആദ്യ മത്സരത്തില്‍ നേടിയ 41 റണ്‍സാണ്.
ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരെ യഥാക്രമം 20, 15, 28 എന്നിങ്ങനെയാണ് രോഹിതിന്റെ സ്‌കോര്‍. രോഹിത്ശര്‍മ്മ 25 ഓവറുകള്‍ ബാറ്റ് ചെയ്താല്‍ ഇന്ത്യയുടെ സ്‌കോര്‍ 180-200 റണ്‍സ് നേടുമെന്ന് ഇവര്‍ പറയുന്നു.