Featured Sports

രോഹിത് ശര്‍മ്മയ്ക്ക് ഏകദിനത്തില്‍ റെക്കോഡ്; ഒരു കലണ്ടര്‍വര്‍ഷം 50 സിക്‌സറുകള്‍

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഇന്ത്യന്‍ താരങ്ങളുടെ റെക്കോഡുകള്‍ക്ക് വേദിയായി മാറുകയാണ്. നായകന്‍ രോഹിത് ശര്‍മ്മയും വിരാട്‌കോഹ്ലിയും കരിയറിലെ നാഴികക്കല്ലുകള്‍ തീര്‍ത്ത മത്സരമായിരുന്നു ന്യൂസിലന്റിനെതിരേ നടന്നത്. രോഹിത് ശര്‍മ്മ ഏകദിനത്തില്‍ 50 സിക്‌സറുകള്‍ നേടിയപ്പോള്‍ വിരാട് കോഹ്ലി കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിലൂടെ ഏകദിനത്തില്‍ 3000 റണ്‍സും കുറിച്ചു.

ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിട്ടാണ് രോഹിത് ശര്‍മ്മ മാറിയത്. ന്യൂസിലന്റിനെതിരേ നടന്ന മത്സരത്തില്‍ 40 പന്തുകളില്‍ രോഹിത് 46 റണ്‍സാണ് നേടിയത്. ഇതില്‍ നാലുബൗണ്ടറികളും നാലു സിക്‌സറുകളും ഉണ്ടായിരുന്നു. ഇതോടെ രോഹിതിന്റെ ഈ കലണ്ടര്‍ വര്‍ഷത്തിലെ സിക്‌സറുകളുടെ എണ്ണം 53 ആയിട്ടുണ്ട്. ഒരു കലണ്ടര്‍വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയതിന്റെ കാര്യത്തില്‍ മുന്നിലുള്ളത് ദക്ഷിണാഫ്രിക്കയുടെ മൂന്‍താരം എബി ഡിവിലിയേഴ്‌സാണ്. 18 ഇന്നിംഗ്‌സുകളില്‍ നിന്നും 2015 ല്‍ 58 സിക്‌സറുകള്‍ താരം അടിച്ചുകൂട്ടി. തൊട്ടുപിന്നില്‍ 56 സിക്‌സറുകള്‍ 15 ഇന്നിംഗ്‌സില്‍ പറത്തിയ ക്രിസ്‌ഗെയിലും നില്‍ക്കുന്നു. മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ നില്‍ക്കുന്നത്.

അതേസമയം ലീഗ് മത്സരങ്ങളില്‍ നാലെണ്ണം മാത്രം പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് ഇനിയും മത്സരങ്ങള്‍ ഉള്ളതിനാല്‍ പട്ടികയില്‍ രോഹിതിന് അനായാസം ഒന്നാമത് എത്താന്‍ ആറു സിക്‌സറുകളുടെ കാര്യം മാത്രമാണുള്ളത്.