Featured Sports

തോറ്റെങ്കിലും… തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍, മോയിന്‍ അലിയെ പറപറപ്പിച്ച് പരാഗ്

ഐപിഎല്ലിലെ നിർണായകമത്സരത്തിൽ ഒരു റണ്ണിന് രാജസ്ഥാനെ കീഴടക്കിയാണ് കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയത്. കൊല്‍ക്കത്തയ്‌ക്കെതിരേ തോറ്റെങ്കിലും തുടര്‍ച്ചയായി ആറ്‌ സിക്‌സറുകളടിച്ച്‌ രാജസ്‌ഥാന്‍ നായകന്‍ റിയാന്‍ പരാഗ്‌ ചരിത്രം കുറിച്ചു. മോയിന്‍ അലി എറിഞ്ഞ 13-ാം ഓവറില്‍ അഞ്ച്‌ സിക്‌സറുകളാണ്‌ പരാഗ്‌ പറത്തിയത്‌. ആദ്യ പന്ത്‌ ഹിറ്റ്‌മീര്‍ സിംഗിളെടുത്തു.

പിന്നീട്‌ എറിഞ്ഞ പന്തെല്ലാം നിലംതൊടാതെ അതിര്‍ത്തി കടത്തിയ പരാഗ്‌ ഓവറില്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു. ആ ഓവറില്‍ ഒരു വൈഡടക്കം 32 റണ്‍സെടുത്തു. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ 14-ാം ഓവറില്‍ നേരിട്ട ആദ്യ പന്ത്‌ സിക്‌സറടിച്ചതോടെയാണു പരാഗ്‌ റെക്കോഡിട്ടത്‌. ഐ.പി.എല്ലില്‍ ഒരോവറില്‍ അഞ്ച്‌ സിക്‌സറുകളടിക്കുന്ന അഞ്ചാമത്തെ താരമാണ്‌ പരാഗ്‌.

കിസ്‌ ഗെയില്‍, രാഹുല്‍ തെവാതിയ, രവീന്ദ്ര ജഡേജ, റിങ്കു സിങ്‌ എന്നിവരാണു മുന്‍ഗാമികള്‍. ക്രിസ്‌ ഗെയ്‌ല്‍ 2012 ല്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായാണ്‌ തുടരെ സിക്‌സറടുകളടിച്ചത്‌. പുനെ വാറിയേഴ്‌സിന്റെ ലെഗ്‌ സ്‌പിന്നര്‍ രാഹുല്‍ ശര്‍മയായിരുന്നു ബൗളര്‍. ആദ്യ പന്തില്‍ സൗരഭ്‌ തിവാരി സിംഗിളെടുത്തു. അടുത്ത അഞ്ച്‌ പന്തുകളും ഗെയ്‌ല്‍ സിക്‌സറടിച്ചു. മൂന്ന്‌ സിക്‌സറുകള്‍ വഴങ്ങിയതോടെ രാഹുല്‍ എറൗണ്ട്‌ വിക്കറ്റ്‌ എറിഞ്ഞു. പക്ഷേ സിക്‌സറുകള്‍ തുടര്‍ന്നു.

മുംബൈ ഇന്ത്യന്‍സിന്റെ കെയ്‌റോണ്‍ പൊള്ളാഡും രോഹിത്‌ ശര്‍മയും സണ്‍റൈസേഴ്‌സിന്റെ തിസര പെരേരയുടെ ഓവറില്‍ തുടരെ സിക്‌സറടിച്ചു. ആദ്യ പന്ത്‌ സിക്‌സറടിച്ച രോഹിത്‌ രണ്ടാം പന്തില്‍ സിംഗിളെടുത്തു. അടുത്ത പന്ത്‌ ഫോറടിച്ച പൊള്ളാഡ്‌ തുടരെ സിക്‌സറുകളടിച്ചു. 2023 സീസണില്‍ കൊല്‍ക്കത്തയ്‌ക്കു വേണ്ടിയാണു റിങ്കു സിങ്‌ തുടരെ സിക്‌സറുകളടിച്ചത്‌. ഗുജറാത്ത്‌ ടൈറ്റന്‍സിന്റെ യഷ്‌ ദയാലിന്റെ ആദ്യ പന്തില്‍ ഉമേഷ്‌ യാദവ്‌ സിംഗിളെടുത്തു. പിന്നെ കണ്ടത്‌ റിങ്കു സിങിന്റെ തുടരന്‍ സിക്‌സറുകള്‍. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍ വേണമെന്ന നിലയിലാണു റിങ്കു ടീമിനെ സിക്‌സറുകളടിച്ചു ജയിപ്പിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *