ബോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയയും. ജെനീലിയയുടെ നായകനായിട്ടായിരുന്നു 2003-ല്‍ റിതേഷിന്റെ ബോളിവുഡ് അരങ്ങേറ്റം. 2012-ല്‍ ഇരുവരും വിവാഹിതരായി. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. വിവാഹ ശേഷം ജെനീലിയ വെള്ളിത്തിരയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ എപ്പോഴാണ് ജെനീലിയ തിരിച്ചെത്തുകയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. ഇപ്പോള്‍ ജീവിതത്തില്‍ പ്രശംസനീയമായ ചുവടുവെയ്പ് നടത്തിയിരിയ്ക്കുകയാണ് ഈ ദമ്പതികള്‍.
റിതേഷ് ദേശ്മുഖും ജെനീലിയ ദേശ്മുഖും തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരിയ്ക്കുകയാണ്. ഇപ്പോഴിതാ, നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് ഈ മഹത്തായ പ്രവൃത്തിക്ക് അവരോട് നന്ദി പ്രകടിപ്പിച്ചിരിയ്ക്കുകയാണ്. നേരത്തെ റിതേഷ് തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതില്‍ തങ്ങള്‍ വളരെക്കാലമായി ചിന്തിച്ചിരുന്ന ഒരു അവയവം ദാനം ചെയ്യുമെന്ന തങ്ങളുടെ പ്രതിജ്ഞയെക്കുറിച്ച് സംസാരിക്കുകയും ‘ഗിഫ്റ്റ് ഓഫ് ലൈഫ് ” എന്നതിനേക്കാള്‍ മഹത്തായ ഒരു സമ്മാനം മറ്റൊരാള്‍ക്ക് ലഭിക്കില്ലെന്നും പറഞ്ഞു.
‘ജീവിതത്തിന്റെ സമ്മാനം” എന്നതിനേക്കാള്‍ മഹത്തായ ഒരു സമ്മാനം മറ്റൊരാള്‍ക്ക് ഇല്ല. ജെനീലിയയും ഞാനും ഞങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ പ്രതിജ്ഞയെടുത്തു. ഈ മഹത്തായ പ്രവര്‍ത്തനത്തില്‍ ചേരാനും ‘The Life AfterLife’-ന്റെ ഭാഗമാകാനും ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു” – റിതേഷ് കുറിച്ചു. ‘അതെ, ഞങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുത്തു, ജീവന് എന്ന സമ്മാനത്തേക്കാള്‍ മികച്ച സമ്മാനം മറ്റൊന്നില്ല,’ – ജെനീലിയയും കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍, നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് (NOTTO) അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇരുവരോടും നന്ദി അറിയിച്ചിരിയ്ക്കുകയാണ്. ‘ജൂലൈ മാസത്തില്‍ നടന്നു കൊണ്ടിരിക്കുന്ന അവയവദാന പ്രക്രിയയില്‍ തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ പ്രതിജ്ഞയെടുത്തതിന് ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്മുഖിനും ജെനീലിയയ്ക്കും നന്ദി.” -എന്നാണ് നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് കുറിച്ചത്.