ഋഷി കപൂറിന്റെ വേര്‍പാട് ബോളിവുഡ് സിനിമ മേഖലയില്‍ കാര്യമായ വിടവ് തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. പക്ഷേ അദ്ദേഹം ഇപ്പോഴും പലരുടെയും ഹൃദയങ്ങളിലും ഓര്‍മ്മകളിലും ജീവിക്കുകയാണ്. അതിശയിപ്പിക്കുന്ന സിനിമകളിലൂടെ മാത്രമല്ല, കുടുംബവുമായും ആരാധകരുമായും സന്തോഷകരമായ ജീവിതമാണ് അദ്ദേഹം പിന്‍തുടര്‍ന്നത്. ഋഷി കപൂറിന്റെ ജന്മദിനത്തില്‍, അദ്ദേഹത്തിന്റെ ദീര്‍ഘകാല കുടുംബ സുഹൃത്തായ പമ്മി ഗൗതം അന്തരിച്ച നടന്റെ AI- ഫോട്ടോ അതിമനോഹരമായി പുനര്‍സൃഷ്ടിച്ചിരിയ്ക്കുകയാണ്.
മകന്‍ രണ്‍ബീര്‍ കപൂറിന്റെ മകള്‍ റാഹയെ ചുംബിയ്ക്കുന്ന ഋഷി കപൂറിന്റെ ചിത്രമാണ് AIയുടെ സഹായത്തോടെ സൃഷ്ടിച്ചത്. ഋഷി മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് റാഹ ജനിച്ചത്. അദ്ദേഹം ഇന്നും നമ്മോടൊപ്പമുണ്ടായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ഒരു ഹൃദയസ്പര്‍ശിയായ നിമിഷമായിരിയ്ക്കും ഇതെന്ന കുറിപ്പോടെയാണ് ഈ മനോഹരമായ ചിത്രം പമ്മി ഗൗതം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഈ മനോഹരമായ ചിത്രം ഋഷി കപൂറിന്റെ ഭാര്യ നീതു കപൂറും ഷെയര്‍ ചെയ്തിട്ടുണ്ട്.
റാഹയ്ക്ക് ഒരിക്കലും മുത്തച്ഛനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും അവളുടെ അമ്മ ആലിയ ഭട്ടും അവള്‍ മുത്തച്ഛനായ ഋഷിയെപ്പോലെ ഇരിയ്ക്കുന്നതെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയുടെ ഒരു എപ്പിസോഡിലാണ് ആലിയ ഇക്കാര്യം സൂചിപ്പിച്ചത്. രണ്‍ബീര്‍ കപൂറിന്റെ സഹോദരി റിദ്ദിമ കപൂറും ഇക്കാര്യം സമ്മതിക്കുന്നു. അന്തരിച്ച പിതാവിന്റെ ജന്മദിനത്തില്‍ അവള്‍ പങ്കുവെച്ച പോസ്റ്റില്‍, രണ്‍ബീറിന്റെയും ആലിയയുടെയും മകള്‍ റാഹ ഒരു ‘മിനി’ ഋഷിയാണെന്നാണ് റിദ്ദിമ കുറിയ്ക്കുന്നത്.
രക്താര്‍ബുദവുമായുള്ള രണ്ട് വര്‍ഷത്തെ പോരാട്ടത്തിന് ശേഷം 2020 ഏപ്രില്‍ 30 ന് 67 -ാം വയസ്സിലാണ് ഋഷി കപൂര്‍ അന്തരിച്ചത്. ബോബി, ലൈലാ മജ്‌നു, റഫൂ ചക്കര്‍, ചാന്ദ്‌നി, ഹെന്ന, സാഗര്‍, ദോ ദൂണി ചാര്‍, അഗ്നിപഥ്, അമര്‍ അക്ബര്‍ അന്തോണി, കഭി കഭി, നസീബ്, കൂലി ആന്‍ഡ് അജൂബ, കപൂര്‍ ആന്‍ഡ് സണ്‍സ്, മുള്‍ക്ക്, 102 നോട്ട് ഔട്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ‘ശര്‍മ്മാജി നാംകീന്‍’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ മരണം.