ഗുവാഹാത്തി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്‌റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു നടക്കും. ഇന്ത്യയിലെ ഏറ്റവും കിഴക്കുള്ള ബര്‍സാപാര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ടെസ്‌റ്റ് മത്സരമെന്ന സവിശേഷതയുണ്ട്.
ഗുവാഹാത്തിയില്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സൂര്യോദയം നേരത്തെയായതിനാല്‍ മത്സരം ഒന്‍പതിന് തുടങ്ങും. ആദ്യ ഇടവേള 11 മണിക്കും ഉച്ച ഭക്ഷണത്തിന് 1.20 നും പിരിയും. പിച്ചിനെ കുറിച്ചു കാര്യമായ ധാരണയില്ലാതെയാണു ടീമുകള്‍ ഇറങ്ങുന്നത്. രണ്ട് ടെസ്‌റ്റുകളുടെ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ജയം അനിവാര്യമാണ്.
കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ ജയം കുറിച്ചിരുന്നു. ബാറ്റര്‍മാര്‍ക്ക് അനുകൂലമാണു പിച്ചെന്നാണ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെയും ബാറ്റിങ് കോച്ച് സിതാംശു കോടകിന്റെയും നിഗമനം. ദക്ഷിണാഫ്രിക്ക 15 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് ഇന്ത്യയില്‍ ഒരു ടെസ്‌റ്റ് ജയിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ നായകനെന്ന നിലയില്‍ തെംബ ബാവുമയുടെ ശരാശരി 57 റണ്ണാണ്. നായകനാകും മുമ്പ് ബാവുമയുടെ ശരാശരി 34.53 റണ്ണായിരുന്നു.
കഴുത്തിനു പരുക്കേറ്റു പുറത്തായ നായകന്‍ ശുഭ്‌മന്‍ ഗില്ലിനെ കൂടാതെയാണ് ഇന്ത്യ കളിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് പകരം നായകന്‍. ഒരു വര്‍ഷത്തിനിടെ ഇന്ത്യയുടെ ടെസ്‌റ്റ് ടീം നായകനാകുന്ന നാലാമനാണ് ഋഷഭ് പന്ത്. കൊല്‍ക്കത്ത ടെസ്‌റ്റില്‍ മൂന്ന് പന്തുകള്‍ മാത്രമാണു ഗില്‍ നേരിട്ടത്. ഗില്ലിനു പകരം സായ് സുദര്‍ശന്‍ കളിക്കുമെന്നു ഗംഭീര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
നാട്ടില്‍ നടക്കുന്ന പരമ്പര കൈവിട്ടാല്‍ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പിന്നിലാകും. ആറ് ഇടംകൈയന്‍ ബാറ്റര്‍മാരാണ് ഇന്ത്യന്‍ നിരയില്‍. ഓഫ് സ്‌പിന്നര്‍ സിമോണ്‍ ഹാമര്‍ കഴിഞ്ഞ തവണത്തേ പോലെ അപകടകാരിയാകാന്‍ സാധ്യതയേറെ. അതിനാല്‍ ഇടംയൈകന്‍ സ്‌പിന്നര്‍ അക്ഷര്‍ പട്ടേലിനെ ഒഴിവാക്കി ബൗളിങ് ഓള്‍റൗണ്ടര്‍ നിധീഷ് കുമാര്‍ റെഡ്‌ഡിയെ കളിപ്പിക്കാന്‍ സാധ്യതയേറെ. പരുക്കേറ്റ പേസര്‍ കാഗിസോ റബാഡയെ കൂടാതെയാണു ദക്ഷിണാഫ്രിക്ക കളിക്കുക.
മാര്‍കോ യാന്‍സനോ കോര്‍ബിന്‍ ബോഷോ പകരം കളിക്കും. ഒന്നാം ടെസ്‌റ്റില്‍ നിറംമങ്ങിയ വിയാന്‍ മുള്‍ഡറിനെ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. സ്‌പെഷലിസ്‌റ്റ് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസോ സ്‌പിന്‍ ഓള്‍റൗണ്ടര്‍ സെനുരന്‍ മുത്തുസാമിയോ പകരം കളിക്കും. ബ്രെവിസ് കളിക്കാനിറങ്ങിയാല്‍ ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സ് മൂന്നാം നമ്പര്‍ ബാറ്ററായി കളിക്കും.
സാധ്യതാ ടീം: ഇന്ത്യ – യശസ്വി ജയ്‌സ്വാള്‍, ലോകേഷ് രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജൂറല്‍, ഋഷഭ് പന്ത് (നായകന്‍), നിതീഷ് കുമാര്‍ റെഡ്‌ഡി, രവീന്ദ്ര ജഡേജ, വാഷിങ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
സാധ്യതാ ടീം: ദക്ഷിണാഫ്രിക്ക- എയ്‌ദീന്‍ മര്‍ക്രാം, റയാന്‍ റികല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍/ ഡെവാള്‍ഡ് ബ്രെവിസ്/ സെനുരന്‍ മുത്തുസാമി, ടോണി ഡി സോഴ്‌സി, തെംബ ബാവുമ (നായകന്‍), ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സ്, കെയ്‌ല്‍ വീറാണി, കോര്‍ബിന്‍ ബോഷ്, മാര്‍കോ യാന്‍സന്‍, സിമോണ്‍ ഹാമര്‍, കേശവ് മഹാരാജ്.




