Featured Sports

വനിതാ ടി20യിലും റിച്ചാഘോഷ് റെക്കോഡിട്ടു ; 18 പന്തില്‍ ഫിഫ്റ്റി, അഞ്ച് സിക്‌സറുകള്‍

ഇന്ത്യന്‍ വനിതാടീം ചരിത്രസ്‌കോറിലേക്ക് ഉയര്‍ന്ന വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌വുമണ്‍ ടി20 യിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധശതകം കുറിച്ച് ലോകറെക്കോഡിന്റെ ഭാഗമായി. വെറും 18 പന്തുകളില്‍ ഇന്ത്യന്‍ താരം അമ്പതടിച്ചു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയാണ് ഘോഷിന്റെ തകര്‍പ്പന്‍ പ്രകടനം.

ഇന്ത്യാ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20യില്‍ വെറും 21 പന്തില്‍ 54 റണ്‍സ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അടിച്ചുകൂട്ടി. മൂന്ന് ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമാണ് പറത്തിയത്. ന്യൂസിലന്‍ഡിന്റെ സോഫി ഡിവിനും ഓസ്ട്രേലിയയുടെ ഫോബ് ലിച്ച്ഫീല്‍ഡും ചേര്‍ന്ന് വനിതാ ടി20യില്‍ അതിവേഗ അര്‍ധസെഞ്ചുറി നേടിയതിന്റെ ലോക റെക്കോര്‍ഡിലേക്ക് ഈ 21 കാരിയും എത്തി. ഏറ്റവും വേഗമേറിയ ടി20 അര്‍ദ്ധ സെഞ്ച്വറി എന്ന ഇന്ത്യന്‍ റെക്കോഡും ഘോഷ് തന്റെ പേരിലാക്കി. റിച്ച ഈ സ്‌കോര്‍ നേടിയപ്പോള്‍ പിന്നിലായത് 2019ല്‍ ന്യൂസിലന്‍ഡിനെതിരെ സ്മൃതി മന്ദാനയുടെ ദീര്‍ഘകാല റെക്കോര്‍ഡ് ആണ്. 24 പന്തിലായിരുന്നു സ്മൃതി മന്ദാന ഈ സ്‌കോര്‍ നേടിയത്.

മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന 43 പന്തില്‍ 77 റണ്‍സ് നേടി ആതിഥേയര്‍ക്ക് മിന്നുന്ന തുടക്കം നല്‍കി. മത്സരത്തിന്റെ 15-ാം ഓവറില്‍ ബാറ്റ് ചെയ്യാനെത്തിയ ഘോഷിന്റെ വെടിക്കെട്ട് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 217 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചു. ടി20 യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും ഈ മത്സരത്തില്‍ പിറന്നു. 2022ല്‍ ക്വീന്‍സ്ടൗണില്‍ ന്യൂസിലന്‍ഡിനെതിരെ 26 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ റിച്ച ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി നേടിയ താരമാണ്.

Leave a Reply

Your email address will not be published. Required fields are marked *