Health

വെറുമൊരു തലവേദനയല്ല ; മൈഗ്രേന്‍ ഉള്ളവര്‍ക്ക് നല്ല ഉറക്കം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

തലവേദന മിക്ക ആളുകള്‍ക്കും വരുന്നൊരു പ്രശ്നമാണ്. എന്നാല്‍ മൈഗ്രേന്‍ തല വേദന ‘വെറുമൊരു തലവേദനയല്ല’. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. ഇത് മറ്റ് ആരോഗ്യപ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം. സ്ത്രീകള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ്. സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതല്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രശ്‌നം. മൈഗ്രേന്‍ ഉള്ളവര്‍ക്ക് നല്ല ഉറക്കം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….

* സ്ലീപ്പിങ് പില്‍സ്, പെയിന്‍ കില്ലേഴ്‌സ് തുടങ്ങിയവ ഡോക്ടറുടെ നിര്‍ദേശ പ്രകാരമേ കഴിക്കാവൂ.

* ഓഫീസ് ജോലിയുടെ ബാക്കി രാത്രി വീട്ടിലിരുന്നു തീര്‍ക്കുന്ന രീതിയുണ്ടെങ്കില്‍ ഈ ദിവസങ്ങളില്‍ മാറ്റിവയ്ക്കാം. അധികസമയം കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയിരുന്നാല്‍ മൈഗ്രേന്‍ കൂടും.

* ഉറക്കം വരുന്നില്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നോക്കിക്കിടക്കുന്ന ശീലം പാടെ വേണ്ടെന്നു വയ്ക്കണം. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് സ്‌ട്രെസ് നല്‍കും എന്നുമാത്രമല്ല ഉറക്കം വൈകിപ്പിക്കുകയും ചെയ്യും.

* സന്ധ്യ കഴിഞ്ഞാല്‍ കോഫിയും കഫീന്‍ അടങ്ങിയ മറ്റു പാനീയങ്ങളും ഒഴിവാക്കണം. ഇവ നിങ്ങളുടെ തലവേദന വര്‍ധിപ്പിക്കും.

* മൈഗ്രേന്‍ ഉള്ള ദിവസം നിങ്ങളുടെ പങ്കാളിയോട് ഈ വിവരം നേരത്തെ പറയുക. വളരെ റിലാക്‌സ്ഡ് ആയി വേണം കിടക്കാന്‍. പൂര്‍ണമായും ഇരുട്ടിനു പകരം ഇളംവെളിച്ചം മുറിയില്‍ അനുവദിക്കാം. പാട്ട് ഇഷ്ടമുള്ളവരാണെങ്കില്‍ ലൈറ്റ് ആയ മ്യൂസിക് പ്ലേ ചെയ്യാം.

* കിടക്കുന്നതിനു തൊട്ടു മുന്‍പു ഭക്ഷണം കഴിക്കുന്ന രീതി മാറ്റുക. അത്താഴം കഴിഞ്ഞ് ചുരുങ്ങിയത് ഒന്നര മണിക്കൂര്‍ കഴിഞ്ഞേ ഉറങ്ങാവൂ.

* മൈഗ്രേന്‍ വഷളാക്കുന്ന ഭക്ഷണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വൈന്‍, ചീസ്, യീസ്റ്റ്, ഫുഡ് പ്രിസര്‍വേറ്റീവുകള്‍ എന്നിവ അവയില്‍ ചിലതാണ്. മോണോസോഡിയം ഗ്ലൂട്ടമേറ്റ് അടങ്ങിയ കൃത്രിമ ഭക്ഷണവും ജങ്ക് ഫുഡും ഒഴിവാക്കണം. ഓരോരുത്തര്‍ക്കും അവരവരുടെ ശരീരം നിഷേധിക്കുന്ന ഭക്ഷണം ഏതൊക്കെയെന്ന് കണ്ടെത്തി ഒഴിവാക്കുന്നതാണ് പ്രധാനം.

* രാത്രി അധികം വെള്ളം കുടിക്കുന്നതും വേണ്ടെന്നുവയ്ക്കാം. പകല്‍സമയത്ത് ആവശ്യത്തിനു കുടിക്കാമല്ലോ. രാത്രി ഇടയ്ക്കിടെ ബാത്ത് റൂമില്‍ പോകാന്‍ എഴുന്നേല്‍ക്കുന്നത് നിങ്ങളുടെ ഉറക്കം പലവട്ടം മുറിഞ്ഞുപോകുന്നതിനു കാരണമാകും. മൈഗ്രേന്‍ ഉള്ളവര്‍ക്ക് ഉറക്കം മുറിഞ്ഞാല്‍ അസ്വസ്ഥത കൂടും.

* സന്ധ്യയാകുമ്പോള്‍ തന്നെ തലവേദന തുടങ്ങുന്ന ദിവസങ്ങളില്‍ രാത്രി ഹോട്ടല്‍ ഫുഡ് ഒഴിവാക്കുക. ഇതില്‍ ചേര്‍ക്കുന്ന നിറവും രുചിവര്‍ധക പദാര്‍ഥങ്ങളും മൈഗ്രേന്‍ വഷളാക്കും.