കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഇന്ത്യയിലെ ഭീകരനായ കൊള്ളക്കാരന്‍ ചാള്‍സ് ശോഭരാജിനെ പുതിയ തലമുറയ്ക്ക് അത്ര പരിചയമുണ്ടാകില്ല.’ബിക്കിനി കില്ലര്‍’ എന്നറിയപ്പെടുന്ന ചാള്‍സ് ശോഭരാജ്, തന്റെ കൊലപാതകങ്ങളുടെ പേരിലും ജയില്‍ ചാടിയതിലൂടെയും കുപ്രസിദ്ധി നേടി. ചാള്‍സ് ശോഭരാജ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും സെന്‍സേഷനാക്കി മാറ്റിയതോടെ അന്താരാഷ്ട്ര കുറ്റവാളിയായി ലോകം മുഴുവന്‍ അറിയപ്പെടുന്ന കുറ്റവാളിയായി മാറിയെങ്കിലും രണ്ടു തവണ ഈ ക്രിമിനലിനെ പിടികൂടി ഇന്‍സ്പെക്ടര്‍ മധുകര്‍ സെന്‍ഡെയെ എത്രപേര്‍ അറിയും?
അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി വിളിച്ച് അഭിനന്ദിച്ച സെന്‍ഡെയുടെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന സിനിമയില്‍ നടന്‍ മനോജ് ബാജ്പേയ് ആണ് മധുകര്‍ സെന്‍ഡെയെ അവതരിപ്പിക്കുന്നത്. മലയാളത്തിലുള്‍പ്പെടെ അനേകം ബോളിവുഡ് സിനിമകള്‍ക്ക് വിഷയമാകുകയും ചെയ്ത ശോഭരാജിന്റെ ജീവിതം വീണ്ടും സിനിമയ്ക്ക് വിഷയമാകുകയാണ്. അടുത്തിടെ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഒരു പ്രൊമോഷണല്‍ വീഡിയോയില്‍ ഇന്‍സ്പെക്ടര്‍ സെന്‍ഡെ മനോജ് ബാജ്പേയിയുമായി കൂടിക്കാഴ്ച നടത്തുകയും ശോഭരാജിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
‘ശോഭരാജ് ഗോവയിലുണ്ടെന്നും ഒരു ചെറിയ ബോട്ടുവഴി വലിയ കപ്പലിലേക്ക് മാറാന്‍ ശ്രമിക്കുകയാണെന്നും എനിക്ക് വിവരം ലഭിച്ചു. അദ്ദേഹത്തിന്റെ ഭാര്യ അമേരിക്കയിലായിരുന്നു, അവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു നമ്പര്‍ കിട്ടി, അത് ശോഭരാജ്ന്റെ മോട്ടോര്‍സൈക്കിളിന്റെ നമ്പറായിരുന്നു. ആ നമ്പര്‍ വെച്ച് ഞാന്‍ ഗോവയിലേക്ക് പോയി. അവിടെ പൈലറ്റ് ടാക്സിക്കാര്‍ക്കിടയില്‍ ഞാന്‍ ഒരു തന്ത്രം ഉപയോഗിച്ചു. ‘‘ ഈ നമ്പരുള്ള എന്റെ വണ്ടിയുമായി എന്റെ സഹോദരന്‍ ഒളിച്ചോടി ’’എന്ന് പറഞ്ഞ് ഞാന്‍ അവരോട് അന്വേഷിച്ചു. അപ്പോള്‍ ഒരു 16 വയസ്സുകാരന്‍ എന്നോട് പറഞ്ഞു.
‘നിങ്ങള്‍ വളരെ തന്ത്രശാലിയാണ്.’ എന്താണ് അങ്ങിനെ പറഞ്ഞതെന്ന് ചോദിച്ചു. അവന്‍ പറഞ്ഞു, ‘ആ വണ്ടി പുതിയതാണ്, മയിലിന്റെ നിറമാണ്, ചെയിന്‍ കവറുകള്‍ പോലും ഇട്ടിട്ടില്ല. അത് ഓടിക്കുന്നയാള്‍ ഒരു യൂറോപ്യനാണ്, വെളുത്ത നിറമുള്ള ആളാണ്. നിങ്ങള്‍ ഇരുണ്ട നിറമുള്ള ആളാണ്. അയാള്‍ എങ്ങനെ നിങ്ങളുടെ സഹോദരനാകും?’ അപ്പോഴാണ് എനിക്ക് അയാള്‍ ഇവിടെയുണ്ടെന്ന് ഉറപ്പായത്.’ ഇന്‍സ്പെക്ടര്‍ സെന്‍ഡെ ഓര്‍മ്മിച്ചു. ഇതേ സംഭാഷണത്തില്‍, ശോഭരാജിനെ പിടികൂടിയതിന് ശേഷം തന്റെ പ്രശസ്തി എത്രത്തോളം ഉയര്‍ന്നുവെന്നും അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് പോലും തന്നെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും സെന്‍ഡെ പങ്കുവെച്ചു.
ആ കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിച്ചു: ‘ഞാന്‍ ബോറിവലി ജംഗ്ഷനില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നില്‍ക്കുകയായിരുന്നു, അപ്പോള്‍ അദ്ദേഹം (രാജീവ് ഗാന്ധി) എന്നെ കണ്ടപ്പോള്‍ ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ പറഞ്ഞു. ‘എനിക്ക് ഇദ്ദേഹത്തെ കാണണം’ എന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥന്‍, ‘സര്‍, ഇവിടെവെച്ച് വേണ്ട’ എന്ന് പറഞ്ഞു. പക്ഷേ പ്രധാനമന്ത്രി പോലും സെന്‍ഡെയെ കാണാന്‍ കാര്‍ നിര്‍ത്തി എന്ന് എല്ലാവര്‍ക്കും അറിയാം. അടുത്ത ദിവസം അദ്ദേഹം എന്നെ വിളിച്ച് അഭിനന്ദിച്ചു; അത് അദ്ദേഹത്തിന്റെ നല്ല മനസ്സ് കൊണ്ടാണ്.’
ഈ വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തില്‍ സീരിയല്‍ കില്ലറായ ചാള്‍സ് ശോഭരാജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കാള്‍ ഭോജ്രാജ് എന്ന കഥാപാത്രത്തെ ജിം സര്‍ഭ് അവതരിപ്പിക്കുന്നു. ചിന്മയ് മണ്ഡലേക്കര്‍ ആണ് ചിത്രത്തിന്റെ എഴുത്തും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഇന്‍സ്പെക്ടര്‍ സെന്‍ഡെയുടെ ജീവിതം ആദ്യമായല്ല സിനിമയാകുന്നത്. 2023-ല്‍ അക്ഷയ് ഷാ സംവിധാനം ചെയ്ത ‘സെന്‍ഡെ’ എന്ന ഡോക്യുമെന്ററി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും അതിന്റെ കഥാകഥനത്തിന് നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.




